മൊഫ്യൂസിൽ സ്റ്റാൻഡിന് മുൻപിൽ എസ്കലേറ്റർ കം ഫുട്ഓവർബ്രിഡ്ജ്: ഒരു വർഷത്തിനുള്ളിൽ



കോഴിക്കോട്: രാജാജി റോഡിൽ എസ്‌കലേറ്റർ നിർമ്മാണ നടപടികൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. എസ്‌കലേറ്ററിന് ടെൻഡർ ലഭിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കകം ടെൻഡർ തുറക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് എതിർവശത്തായാണ് എസ്‌കലേറ്റർ വരിക. ഇതോടൊപ്പം മാവൂർ റോഡിലും വൻ വികസന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. റോഡ് മുറിച്ചു കടക്കാൻ യാത്രക്കാർ പാടുപെടുന്ന രാജാജി റോഡിൽ എസ്‌കലേറ്റർ വരുന്നതോടെ ഇതിന് പരിഹാരമാകും. നിശ്ചിത സ്ഥലങ്ങളിൽ മാത്രമെ റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനമുണ്ടാകുകയുള്ളു. ഇതെല്ലാം ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും ചെയ്യും.

എസ്കലേറ്റർ ഉൾപ്പെടെ മാവൂർ റോഡിൽ കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 11.35 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് ബാങ്ക് റോഡ് മുതൽ അരയിടത്തു പാലം വരെ റോഡും മറ്റു സംവിധാനങ്ങളും വികസിപ്പിക്കും.ആകർഷകമായ നടപ്പാതകൾ,കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനായി സിഗ്നൽ അടക്കമുള്ള ക്രോസിംഗുകൾ തുടങ്ങിയവയും ഏർപ്പെടുത്തും. മാവൂർ റോഡിലും രാജാജി റോഡിലും നിർമ്മിക്കുന്ന ബസ് ബേകളും ഇതുമായി ബന്ധിപ്പിക്കും. എസ്കലേറ്റർ മൊഫ്യൂസിൽ ബസ് സ്റ്റാന്റിനു മുമ്പിലെ തിരക്കേറിയ ഭാഗത്ത് യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ



നിർമ്മാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ ). ടെൻഡർ ഉറപ്പിക്കുന്നതോടെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങും. ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ ഭാഗമായി എസ്‌കലേറ്റർ, ലിഫ്റ്റ് എന്നിവയാണ് നിർമ്മിക്കുക. നിർമ്മാണം പൂർത്തീകരിച്ച ശേഷം സംവിധാനം നഗരസഭയെ ഏൽപ്പിക്കും.

പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്രസർക്കാർ വഹിക്കും. ബാക്കി തുകയിൽ 30 ശതമാനം സംസ്ഥാന സർക്കാറും 20 ശതമാനം നഗരസഭയുമാണ് വഹിക്കുക. കഴിഞ്ഞ സെപ്തംബറിലാണ് കെ.എം.ആർ.എൽ സംഘം കോഴിക്കോട്ടെത്തി പദ്ധതിയുടെ സാധ്യതകൾ പരിശോധിച്ചത്. ഒരു വർഷം കൊണ്ട് പദ്ധതിക്ക് ടെൻഡർ വിളിക്കാനായി. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് നിർദ്ദേശം. രാജാജി റോഡിൽ റോഡ് മുറിച്ചു കടക്കാനായി ഫൂട്ട് ഓവർബ്രിഡ്ജ് ഉണ്ടായിരുന്നുവെങ്കിലും യാത്രക്കാരിലധികവും ഇത് ഉപയോഗിച്ചിരുന്നില്ല. ഓവർ ബ്രിഡ്ജ് കയറിയിറങ്ങാനുള്ള പ്രയാസവും സമയനഷ്ടവുമായിരുന്നു കാരണം. പ്രായം ചെന്നവർക്കും വൈകല്ല്യമുള്ളവർക്കും ഇത് അപ്രാപ്യവുമായിരുന്നു. വഴിമുടക്കിയായി മാറിയതോടെ ഇത് ഒഴിവാക്കുകയായിരുന്നു.

'' ടെൻഡർ തുറന്നു കഴിഞ്ഞാൽ ഒരു വർഷം കൊണ്ട് പണി പൂർത്തീകരിക്കാനാവും. രാജാജി റോഡിലെ വലിയ തിരക്ക് ഒഴിവാകുന്നത് നഗരത്തിന്റെ വീർപ്പ്മുട്ടൽ കുറയ്ക്കും'' - തോട്ടത്തിൽ രവീന്ദ്രൻ, മേയർ

Post a Comment

0 Comments