![]() |
IMAGE FOR REPRESENTATION |
ഫറോക്ക്: ബജറ്റ് നിര്‍ദേശത്തിലെ അവ്യക്തത കുണ്ടായിത്തോട് ആമാംകുനിയിലെ റെയില്‍വേ അടിപ്പാത നിര്‍മാണത്തിനു തിരിച്ചടിയായി. അടിപ്പാത നിര്‍മാണത്തിനായി പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് അവ്യക്തത കണ്ടെത്തിയത്. റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കാണ് ബജറ്റ് വിഹിതം നീക്കിവച്ചതെന്ന് മനസിലായാതോടെ അടിപ്പാത വരുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണു മങ്ങിയത്.
ദിനംപ്രതി നിരവധി പേരാണ് ആമാംകുനിയില്‍ റെയില്‍പാത താണ്ടിക്കടന്ന് യാത്ര ചെയ്യുന്നത്. ഇവിടെ റെയില്‍വേ അടിപ്പാത നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്. അടിപ്പാത നിര്‍മാണത്തിനായി റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം 2.40 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി രണ്ടു വര്‍ഷം മുന്‍പേ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു. തുക സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയിലേക്ക് കെട്ടിവച്ചാല്‍ മാത്രമേ നിര്‍മാണപ്രവൃത്തി തുടങ്ങാനാകൂ. സര്‍ക്കാരിന്റെ കൈവശം ഫണ്ടില്ലാത്തതിനാല്‍ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു. ഇതിനടിയിലാണ് അടിപ്പാത നിര്‍മാണത്തിനായി ബജറ്റില്‍ തുക അനുവദിച്ചതായി വാര്‍ത്ത വന്നത്. ഇതിനായി 100 രൂപ ടോക്കണ്‍ മണി ബജറ്റില്‍ വകയിരുത്തിയതായുള്ള വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍ ബജറ്റ് വിശദാംശത്തില്‍ മേല്‍പ്പാലങ്ങള്‍ക്കുള്ള ഫണ്ടുമാത്രം നീക്കിവച്ചതായാണു കാണിച്ചിട്ടുള്ളത്. റെയില്‍വേ സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് അടിപ്പാതയ്ക്ക് ബജറ്റില്‍ ഫണ്ടില്ലെന്ന കാര്യം വ്യക്തമാകുന്നത്. എം.പി, എം.എല്‍.എ ഫണ്ടുകള്‍ അടിപ്പാത നിര്‍മാണത്തിനായി കണ്ടെത്താനാണു ധനകാര്യ വകുപ്പിന്റെ പുതിയ നിര്‍ദേശം.
അതേസമയം മരാമത്ത് വകുപ്പ് തുക കണ്ടെത്തി അടിപ്പാത നിര്‍മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കി പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ക്ക് ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം എം.കെ രാഘവന്‍ എം.പിയും വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയും സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. റെയില്‍വേ 950-ാം നമ്പര്‍ ഓവുപാലത്തിനു സമീപമാണ് അടിപ്പാതക്കു പദ്ധതിയിടുന്നത്. ഇവിടെ റെയില്‍ പാതയുടെ ഇരുഭാഗത്തും റോഡുണ്ടെങ്കിലും വാഹനഗതാഗതം സാധ്യമല്ല. ആമാംകുനി വയല്‍, ചെറുവനശ്ശേരി പറമ്പ്, പുഞ്ചപ്പാടം, നടുവട്ടം, കരിമ്പാടം ഭാഗങ്ങളിലുള്ളവര്‍ റെയില്‍ പാത ചാടിക്കടന്നാണ് യാത്ര ചെയ്യുന്നത്. ഇരട്ടപാത വന്നതോടെ ട്രെയിനിടിച്ച് അപകടങ്ങള്‍ വര്‍ധിച്ചത് അടിപ്പാത വേണമെന്ന ആവശ്യത്തെ ശക്തമാക്കി.
0 Comments