സിറ്റി ഗ്യാസ് പദ്ധതി: കണക്‌ഷൻ കേന്ദ്രങ്ങളുടെ പരിശോധന അടുത്താഴ്ച്ച; ജില്ലയിലെ കണക്ഷൻ കേന്ദ്രം പുത്തൂരിൽ




കോഴിക്കോട്:കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ നിർമാണത്തിൽ സിറ്റി ഗ്യാസിനായുള്ള കണക്‌ഷൻ കേന്ദ്രങ്ങൾ തൃപ്തികരമാണോ എന്ന് പരിശോധിക്കാൻ ഗെയിലിന്റെയും ഇന്ത്യൻ ഒായിൽ-അദാനി കമ്പനികളുടെയും പ്രതിനിധികൾ അടുത്തയാഴ്ചയെത്തും. ഇതിനുള്ള വാൽവുകൾ അസൗകര്യമുള്ള മേഖലയിലാണെന്നു കണ്ടെത്തിയാൽ മാറ്റും. തൃശ്ശൂരിൽ അന്നകര, പാലക്കാട് മലമ്പുഴ, മലപ്പുറത്ത് കോഡൂർ, കോഴിക്കോട് പുത്തൂർ, കണ്ണൂരിൽ കുറുമാത്തൂർ, കാസർകോട് ചെങ്ങളം എന്നിവിടങ്ങളിലാണ് കണക്‌ഷൻ കേന്ദ്രങ്ങൾ.



കൂടുതൽ വാഹനങ്ങൾ പ്രകൃതിവാതകത്തിലേക്ക്

പ്രകൃതിവാതകം ഇന്ധനമാക്കിയുള്ള വാഹനക്കുതിപ്പിലേക്ക് കേരളം. ഫെബ്രുവരിയിൽ കൊച്ചിയിൽ നാലു പമ്പുകളിൽ തുടങ്ങിയ വിൽപ്പന കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിക്കുകയാണ്. കൊച്ചിമുതൽ കാസർകോടുവരെ 597 പമ്പുകൾ പുതുതായി സ്ഥാപിക്കും. പെട്രോൾ, ഡീസൽ വിലവർധന സി.എൻ.ജി. (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) വാഹനങ്ങൾക്ക് പ്രചാരം കൂട്ടുന്നുണ്ട്. ആദ്യം 20 ഓട്ടോറിക്ഷകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 900 ആയി. ദിവസ ഉപഭോഗം 200 കിലോഗ്രാമിൽനിന്ന് 3500 കിലോഗ്രാമായും ഉയർന്നു. കൊച്ചിയിൽ അടുത്തയാഴ്ച അഞ്ച് പമ്പുകൾകൂടി തുറക്കും. കൊച്ചിയിലെ വാഹനവിപണിയിലേക്ക് മാരുതി 1500 സി.എൻ.ജി. കാറുകൾ ഈ മാസം എത്തിക്കും. കാർ സേവനദാതാക്കളായ ഉബർ ഈ മാസം 500 സി.എൻ.ജി. കാറുകൾ നിരത്തിലിറക്കും. പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പുതിയ ഗ്യാസ്‌കിറ്റ് ഉപയോഗിച്ച് പ്രകൃതിവാതകം ഇന്ധനമാക്കാം. 35,000 മുതൽ 60,000 രൂപവരെ കിറ്റിനു ചെലവുവരും. അംഗീകൃത യൂണിറ്റുകളിൽ മാത്രമേ കിറ്റുകൾ ഘടിപ്പിക്കാവൂ. ഒരുകിലോഗ്രാം പ്രകൃതിവാതകത്തിന് 53 രൂപയാണ് ഇപ്പോഴത്തെ വില. ഒാട്ടോറിക്ഷകൾക്ക് 50 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. മലിനീകരണവും കുറവാണ്

സിറ്റിഗ്യാസ് പദ്ധതി നടപ്പാക്കുന്നത് എട്ടു ജില്ലകളിൽ

എട്ടു ജില്ലകളിൽ വീടുകളിലും പമ്പുകളിലും നേരിട്ട് പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമാണ-വിതരണ കരാറായി. ഇതു പൂർത്തിയാകുമ്പോൾ ഈ ജില്ലകളിലെ നഗരപ്രദേശങ്ങളിലുള്ള 20 ലക്ഷത്തോളം അടുക്കളകൾക്ക് പൈപ്പിലൂടെ നേരിട്ട് പ്രകൃതിവാതകമെത്തും. കൊച്ചിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി നടപ്പാക്കുന്നത് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് ലിമിറ്റഡ് കമ്പനികളാണ്. ഗെയിൽ പ്രകൃതിവാതകക്കുഴൽ കടന്നുപോകുന്ന ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിലേക്ക് കോഴിക്കോട്ടുനിന്ന് പ്രകൃതിവാതകമെത്തിക്കും.

പൈപ്പ് ലൈൻ മാർച്ചിൽ കമ്മിഷൻ ചെയ്യും

കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി മാർച്ചിൽ കമ്മിഷൻ ചെയ്യുമെന്ന് ഗെയിൽ ജനറൽ മാനേജർ ടോണി മാത്യു പറഞ്ഞു. പ്രളയത്തിൽ നിർമാണസാമഗ്രികൾ നശിച്ചതും നിർമിച്ച സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതുമാണ് താമസത്തിന് കാരണം. നിർമാണ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments