അധികൃതരുടെ അനാസ്ഥ; ദേശീയ ദുരന്തനിവാരണ സേനയുടെ സ്ഥിരം കേന്ദ്രം ജില്ലക്ക് നഷ്ടമായി


കോഴിക്കോട്:അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സ്ഥിരം കേന്ദ്രം ജില്ലക്ക് നഷ്ടമായി. കേന്ദ്രം കൊച്ചിയില്‍ തുടങ്ങാനാണു തീരുമാനം. നിലവില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തു നിന്നുമാണ് ദേശീയ ദുരന്തനിവാരണ സേനയെ എത്തിച്ചിരുന്നത്.



എന്നാല്‍ മലബാര്‍ മേഖലയിലെ ദുരന്ത ഭൂമികളില്‍ സേന എത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടന്ന് നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോള്‍ കേന്ദ്രം കോഴിക്കോടിന് അനുവദിക്കാന്‍ തീരുമാനിച്ചത്.

പേരാമ്പ്ര എരവട്ടൂരില്‍ കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പും അനാസ്ഥ കാണിച്ചതോടെയാണ് ഏറെ പ്രതീക്ഷയോടെ ലഭിച്ച ദുരന്തനിവാരണ സേനയുടെ സ്ഥിരംകേന്ദ്രം ജില്ലക്ക് നഷ്ടമായത്. സ്ഥലം കൈമാറുന്നതിനുള്ള നടപടി വൈകിപ്പിച്ചതോടെ ദുരന്തനിവാരണ കേന്ദ്രം കൊച്ചിയിലേക്കു മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കുകയായിരുന്നു. പേരാമ്പ്രയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ എവിടെയെങ്കിലും കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, കുറ്റ്യാടി പഞ്ചായത്തുകളില്‍ പരിഗണിക്കണമെന്നാണു പ്രധാന ആവശ്യം. പ്രകൃതിദുരന്തങ്ങള്‍ ഏറെ നടക്കുന്ന മലബാര്‍ മേഖലയെ സംബന്ധിച്ച് ഇതു വലിയ നഷ്ടമാണെന്നു ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് സേനയുടെ സ്ഥിരം കേന്ദ്രം വന്നാല്‍ ഏതു ഭാഗത്തേയ്ക്കും എപ്പോഴും സേനയുടെ സഹായം പെട്ടന്നു ലഭ്യമാക്കാം എന്നതാണു കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍. എന്നാല്‍ പ്രകൃതിദുരന്തങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ മലബാര്‍ മേഖലയ്ക്ക് പുതിയ തീരുമാനം വലിയ തിരിച്ചടി തന്നെയാണ്. ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അനുവദിച്ച ദേശീയ ദുരന്തനിവാരണ സേനയുടെ സ്ഥിരം കേന്ദ്രം കോഴിക്കോടിനു നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Post a Comment

0 Comments