റോയ റോബോട്ട് |
കോഴിക്കോട്: ഇന്ത്യയില്‍ ആദ്യമായി ഒരു ഷോറൂം മാനേജറായി റോബോട്ടെത്തുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ കോഴിക്കോട്ടെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജറായി ‘ റോയ’ എന്ന റോബോട്ടെത്തുന്നത്. അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും. റോബോട്ടിക് ഇന്ററാക്ടീവ് സര്‍വിസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ള്യൂ അപ് ടെക്‌നോളജീസാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറു മാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തത്. അഞ്ചടി അഞ്ചിഞ്ചാണ് ഉയരം. നൂറ്റിയന്‍പതു കിലോ ഗ്രാം തൂക്കവും. ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുക. വിവരങ്ങള്‍ നല്‍കാനായി റോയയുടെ നെഞ്ചിനു മുകളിലായി ഒരു സ്‌ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. റോയക്ക് നൂറ്റിയന്‍പതിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഷോറൂമിലെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ ഷോറൂമിലെ ലൈറ്റ്, കമ്പ്യൂട്ടര്‍, എസി, ടെലിവിഷന്‍ എന്നിവ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും റോയക്കു സാധിക്കും.
വില്‍ക്കാന്‍ കൊണ്ടു വന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും റോയ അപ്പോള്‍ തന്നെ തപ്പിയെടുക്കും. ഇതിനു പുറമെ ഷോറൂമിലെത്തുന്ന ഒരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങള്‍ കണ്ടുപിടിക്കാനും റോയയ്ക്ക് സാധിക്കും.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ 14 മുതല്‍ 18 വരെ നടക്കുന്ന രാജ്യാന്തര ഐ.ടി മേളയായ ജൈടെക്‌സില്‍ റോയയെ പ്രദര്‍ശിപ്പിക്കും. അവിടെ വച്ചു റോബോട്ടിനെ തങ്ങളുടെ കമ്പനിക്കു കൈമാറുമെന്ന് റോയല്‍ ഡ്രൈവിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്റ്ററുമായ കെ. മുജീബ് റഹ്മാന്‍ പറഞ്ഞു.
0 Comments