62-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള ഇന്നു മുതല്‍


തിരുവനന്തപുരം: പ്രളയത്തിന്റെ കറുത്തദിനങ്ങൾ ഈ മേളയുടെ പൊലിമകളെ ബാധിച്ചിരിക്കാം. പക്ഷേ, പുതിയ ദൂരവും പുതിയ വേഗവും തേടുന്ന പോരാട്ടവീര്യത്തെ ശമിപ്പിച്ചിട്ടില്ല. 62-ാമത് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കം. 2200 താരങ്ങളാണ് പ്രകടനമികവിൽ മനസ്സ് കീഴടക്കാനെത്തുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെ ട്രാക്കുണരും. ആദ്യദിനം 31 ഇനങ്ങളിലാണ് ഫൈനൽ നടക്കുക. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.



നിലവിലെ ചാമ്പ്യൻജില്ലയായ എറണാകുളവും റണ്ണേഴ്സ് അപ്പായ പാലക്കാടും തമ്മിലാകും പ്രധാന മത്സരം. സ്കൂളുകളിൽ ചാമ്പ്യനായ മാർ ബേസിലിന്റെ കിരീടത്തിനു വെല്ലുവിളിയുയർത്തുമെന്നാണ് അയൽക്കാരായ കോതമംഗലം സെന്റ് ജോർജ്ജിന്റെ അവകാശവാദം. പോയ വർഷത്തെ രണ്ടാംസ്ഥാനത്തിൽനിന്നു മുന്നേറാൻ കോഴിക്കോട് പുല്ലൂരാംപാറയും രംഗത്തുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കായികമേള നടക്കുമോയെന്ന ശങ്കയുണ്ടായിരുന്നു. പക്ഷേ, കുട്ടികളുടെ അവസരം നഷ്ടമാകാതിരിക്കാൻ സംഘടിപ്പിക്കുകയായിരുന്നു. അതിനാൽ ആഡംബരങ്ങളൊന്നുമുണ്ടാകില്ല. ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കി പങ്കാളിത്തം കുറച്ചിട്ടുണ്ട്. നാലുദിവസമായി നടത്തിയിരുന്ന മീറ്റ് ഇക്കുറി മൂന്നു ദിവസമാക്കി. പെൺകുട്ടികൾക്കും 400 മീറ്റർ ഹർഡിൽസ് ഉൾപ്പെടുത്തിയതും സീനിയർ പെൺകുട്ടികളുടെ 5000 മീറ്റർ ഒഴിവാക്കിയതുമടക്കം മത്സരഘടനയിൽ മാറ്റമുണ്ട്.

Post a Comment

0 Comments