കരിപ്പൂർ വിമാനത്താവളത്തിലെ CISF എസ്.ഐയുടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച യുവതി ജാർഖണ്ഡ് സ്വദേശികരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. സബ് ഇൻസ്‌പെക്ടറുടെ താമസസ്ഥലത്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ പേര് ഫാത്തിമ ഖാത്തൂൺ എന്നാണെന്നും ജാർഖണ്ഡ് ചത്ര ജില്ലയിലെ ഹണ്ടർഗല്ലി പോലീസ്‌സ്റ്റേഷൻ പരിധിയിലാണ് സ്വദേശമെന്നും പോലീസ് കണ്ടെത്തി. യുവതിയുടെ സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടതായും മരണവിവരണം അറിയിച്ചതായും കരിപ്പൂർ എസ്.ഐ എം.പി. ഇബ്രാഹിം പറഞ്ഞു.സി.ഐ.എസ്.എഫ് എസ്.ഐ യു.പി. സ്വദേശി വിശ്വജിത്ത് സിങ്ങിന്റെ, കരിപ്പൂർ ഉണ്യാലുങ്ങലിലെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരുവർഷത്തിലേറെയായി ഒന്നിച്ചുജീവിക്കുന്നവരാണെങ്കിലും യുവതിയുടെ യഥാർത്ഥ പേരോ മേൽവിലാസമോ ഇയാൾ പോലീസിന് നൽകിയിരുന്നില്ല. പോലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ ആധാർകാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും കണ്ടെത്തി. ആധാർകാർഡിൽ ജാർഖണ്ഡിലെയും തിരിച്ചറിയിൽ കാർഡിൽ യു.പിയിലെയും മേൽവിലാസമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും യുവതിയുടെ ഫോണിൽനിന്ന് ലഭിച്ച നമ്പറുകൾ പരിശോധിച്ചുമാണ് ബന്ധുക്കളെ കണ്ടെത്തിയത്. അലഹബാദിൽെവച്ച് അഞ്ചാറുവർഷം മുൻപാണ് വിശ്വജിത്ത് സിങ് യുവതിയെ പരിചയപ്പെട്ടതെന്നും തുടർന്ന് ഇരുവരും ഒന്നിച്ചുജീവിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

മകളെ കണാനില്ലെന്നുപറഞ്ഞ് ഫാത്തിമയുടെ പിതാവ് വാരണസിയിലെ നൈന പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നതായും തുടർന്ന് ഹാജരായ ഫാത്തിമ വിശ്വജിത്ത് സിങ്ങിനൊപ്പം പോകുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നിഷ ഫാത്തിമ എന്ന് പേരുമാറ്റി. ഇതേപേരിൽ തിരിച്ചറിയൽകാർഡും സ്വന്തമാക്കി. 2014-ൽ വിശ്വജിത്ത് സിങ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ ജോലിസ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുവന്നു. തുടർന്ന് ഫാത്തിമയുമായി അകന്നെങ്കിലും കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. നെടുമ്പാശ്ശേരിയിൽനിന്ന് കരിപ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഭാര്യയെ സ്വദേശത്തേക്കുവിട്ട് ഇയാൾ ഫാത്തിമയെ കൊണ്ടുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. വിശ്വജിത്ത് സിങ് പോലീസ് നിരീക്ഷണത്തിലാണ്. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ കരിപ്പൂർ സ്റ്റേഷനിലെത്തി ഇയാളെ ചോദ്യംചെയ്തു. യുവതിയുടെ സഹോദരൻ വ്യാഴാഴ്ച കരിപ്പൂരിലേക്ക് തിരിക്കുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.

Post a Comment

0 Comments