കോഴിക്കോട്:വൈരക്കല്‍ വില്‍പ്പനയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് വൈദികന്‍ സഭാവിശ്വാസിയുടെ 87.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവമ്പാടി പുല്ലൂരാംപാറ പ്ലാത്തോട്ടത്തില്‍ ബേബിയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ താമരശ്ശേരി രൂപതയിലെ വൈദികന്‍ ഫാ. ജോസഫ് പാംബ്ലാനിക്കെതിരേ തിരുവമ്പാടി പോലീസ് കേസെടുത്തു.
കണ്ണൂര്‍ ആലക്കോട്ട് 200 കോടിയുടെ വൈരക്കല്‍ നിക്ഷേപമുണ്ടെന്നും ഇതിന്റെ വില്പനയില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് ഫാ. ജോസഫ് നാലുവര്‍ഷം മുമ്പ് പണം തട്ടിയെന്നാണ് പരാതി. രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണവും വൈദികന്‍ കൈക്കലാക്കിയതായി പരാതിയിലുണ്ട്. വിശ്വാസവഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. പരാതിയുടെ പശ്ചാത്തലത്തില്‍ ഫാ. ജോസഫ് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയശേഷം ഒളിവില്‍ പോയിരിക്കുകയാണ്.
തട്ടിപ്പിനെക്കുറിച്ച് പരാതിയുമായി ബേബിയും സുഹൃത്തുക്കളും താമരശ്ശേരി രൂപതാധ്യക്ഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. രണ്ടുവര്‍ഷമായി പലവട്ടം സഭയില്‍ പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിശ്വാസികള്‍ പുല്ലൂരാംപാറയില്‍ യോഗം ചേര്‍ന്നു. കുറ്റവാളികളെ സഭാനേതൃത്വം സംരക്ഷിക്കുകയാണെന്നും ഇത് കത്തോലിക്കാ സഭയ്ക്കുതന്നെ ആക്ഷേപമാണെന്നും ഇവര്‍ രൂപവത്കരിച്ച വിശ്വാസ സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
ഭൂമി വാഗ്ദാനംചെയ്തും തട്ടിപ്പ്
ഫാ. ജോസഫിനെതിരേ ഭൂമി തട്ടിപ്പിനും പരാതി. നെല്ലിപ്പൊയില്‍ മാളിയേക്കമണ്ണില്‍ എം.സി. സ്‌കറിയയാണ് പരാതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്തും പീരുമേട്ടിലും തനിക്കുള്ള ഭൂമി നല്കാമെന്നു പറഞ്ഞ് ഫാ. ജോസഫ് പാംബ്ലാനി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് താമരശ്ശേരി ഡിവൈ.എസ്.പി.ക്കു നല്കിയ പരാതിയില്‍ പറയുന്നു. ഈ കേസിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് 25 ലക്ഷം രൂപ തിരികെ നല്‍കിയതായും ബാക്കി 80 ലക്ഷം നല്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരക്കാരെ സംരക്ഷിക്കരുത്- ഫാ. അഗസ്റ്റിന്‍ വട്ടോളി
കുറ്റവാളികളായ വൈദികരെ സഭ സംരക്ഷിക്കരുതെന്നും ഇവര്‍ക്ക് ഇരയാവുന്നവരെയാണ് സഹായിക്കേണ്ടതെന്നും കന്യാസ്ത്രീകളുടെ സമരം നയിച്ച 'സേവ് അവര്‍ സിസ്റ്റേഴ്സ്' ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. പുല്ലൂരാംപാറയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്. സജി അധ്യക്ഷതവഹിച്ചു. ജോസ് തേനേത്ത്, എം.എ. ജോര്‍ജ്, സ്‌കറിയ പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
0 Comments