കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ വനിതാപോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ച കോഴിക്കോട് നാളെ മുതല്‍ മറ്റൊരു പെരുമ കൂടി സ്വന്തമാക്കും. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിതാ ഷോപ്പിംങ് മാള്‍ സ്ഥാപിച്ച നഗരം. മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ വനിതാ മാള്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോടിന് സമര്‍പ്പിക്കും. അഞ്ച് നിലകളില്‍ 36,000 ചതുരശ്ര അടിയിലാണ് കെട്ടിടം ഉയര്‍ന്നത്. കെട്ടിടത്തിന്റെ സുരക്ഷാജീവനക്കാര്‍ മുതല്‍ കച്ചവടക്കാരും മറ്റ് ജോലിക്കാരുമെല്ലാം സ്ത്രീകള്‍ ആയിരിക്കുമെന്നകാണ് ഈ മാളിന്റെ പ്രത്യേകത.
കുടുംബശ്രീ സംരംഭങ്ങള്‍, വനിതാ സൊസൈറ്റികള്‍, തുടങ്ങിയവയ്ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള ഒരു സ്ഥിരം ഇടം കൂടിയാവും ഈ വനിതാ മാള്‍. കുടുംബശ്രീയുടെ മേളകളിലും മറ്റും മാത്രം ലഭ്യമാകുന്ന തനത് വിഭവങ്ങളും മാളില്‍ ലഭിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. നാലു നിലകളില്‍ 75 ഷോപ്പുകളാണ് വരുന്നത്. അഞ്ചാമത്തെ നിലയില്‍ ആധുനിക സംവിധാനമുള്ള പ്ലേസോണ്‍ ആണ്. അത് വനിതകള്‍ തന്നെയാവും നിയന്ത്രിക്കുക. നവംബര്‍ 14-ാം തീയതിയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണം മൂലം ഉദ്ഘാടനം നീളുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളിലെന്നായിരുന്നു കുടുംബശ്രീ സൂപ്പര്‍മാര്‍ക്കറ്റ്. മൈക്രോ ബസാര്‍ എന്ന പേരില്‍ മഹിളാ മാളില്‍ ഇതിന്റെ ആദ്യത്തെ ഔട്ട്‌ലെറ്റാണ് തുറക്കുന്നത്. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ചക്കവിഭവങ്ങള്‍, ഈന്ത്, കൂവപ്പൊടി, മുത്താറി തുടങ്ങി തനിനാടന്‍ ഉത്പന്നങ്ങള്‍ ഇവിടെയുണ്ടാവും.
നൂറു ശതമാനം വനിതകള്‍ നടത്തുന്ന മാളില്‍ വിശാല പാര്‍ക്കിങ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട്, കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിങ് സെന്റര്‍, വനിത സഹകരണ ബാങ്ക്, എ.ടി.എം. കൗണ്ടര്‍, മെഡിക്കല്‍ ലാബ്, ബ്യൂട്ടി പാര്‍ലര്‍, സ്പാ, ഗെയിം പാര്‍ക്ക്, ബോട്ടിക്, ഡ്രൈ ക്ലീനിങ്, കരകൗശലകേന്ദ്രം, ഫാന്‍സി, വനിത ഡ്രൈവിങ് സ്‌കൂള്‍, ഹോം അപ്ലയന്‍സ്, ബേബി കെയര്‍, ആഭരണങ്ങള്‍, ജൈവ വിപണനശാല, വനിതകള്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഷീ ടാക്‌സി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയവയും സര്‍ക്കാറിന്റെ ഖാദി, മില്‍മ സ്റ്റോളുകളും ഒരുക്കുന്നുണ്ട്. 250 പേര്‍ക്ക് നേരിട്ടും 500 പേര്‍ക്ക് പരോക്ഷമായും ജോലി മഹിളാമാളിലൂടെ ലഭിക്കും. ഐ.ഒ.സിയുടെ സഹകരണത്തോടെയുള്ള വെള്ളമുപയോഗിക്കാതേയുള്ള കാര്‍ വാഷിങ് സെന്ററും ഇവിടെയുണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന മാളില്‍ യൂണിയന്‍ ബാങ്ക്, പി.എന്‍.ബി എന്നിവയുടെ എ.ടി.എം കൗണ്ടറും ഉണ്ടാവും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
കോര്‍പ്പറേഷന്‍ സി.ഡി.എസിന് കീഴിലുള്ള യൂണിറ്റി ഗ്രൂപ്പിലെ 10 അംഗങ്ങള്‍ ചേര്‍ന്നതാണ് ഭരണ സമിതി. കെ.ബീന പ്രസിഡന്റും കെ.വിജയ സെക്രട്ടറിയുമായിരിക്കും. മുഖ്യമന്ത്രിക്ക് പുറമെ മൈക്രോ ബസാര്‍ മന്ത്രി എ.സി മൊയ്തീന്‍, മിനി സൂപ്പര്‍മാര്‍ക്കറ്റ് മന്ത്രി ടി.പി രാമകൃഷ്ണന്‍, കഫേ റെസ്റ്റോറന്റ് മന്ത്രി എ.കെ ശശീന്ദ്രന്‍, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ മന്ത്രി കെ.കെ ശൈലജ, ട്രെയിനിങ് സെന്റന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഉദ്ഘാടനം ചെയ്യുന്നത്. നടി സുരഭി ലക്ഷ്മി മാളിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്‍വഹിക്കും
0 Comments