സ്വന്തം തട്ടകത്തിൽ ആദ്യ ജയം അതിഗംഭീരമാക്കി ഗോകുലം കേരള എഫ്.സി



കോഴിക്കോട്: ഐ-ലീഗില്‍ ഈ സീസണില്‍ ആദ്യ വിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. വടക്കു കിഴക്കന്‍ ക്ലബ്ബായ ഷില്ലോങ് ലജോങ്ങിനെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇല്ലായിരുന്നെങ്കില്‍ അരഡസന്‍ ഗോളുകളെങ്കിലും ഗോകുലം, ഷില്ലോങ് ലജോങ്ങിന്റെ വലയിലെത്തിക്കേണ്ടതായിരുന്നു.



മലയാളി താരം ഗനി നിഗത്തിന്റെ മിന്നുന്ന പ്രകടനം ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. മുന്‍ കളികളില്‍ ിന്ന് വ്യത്യസ്തമായി ടീം ഒന്നടങ്കം മികച്ച ഒത്തിണക്കം കാണിച്ചപ്പോള്‍ ഗോകുലത്തിന്റെ കളി കാണികള്‍ക്ക് വിരുന്നായി. 43-ാം മിനിറ്റില്‍ ഗനിയാണ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. കാസ്‌ട്രോയുടെ ഫ്രീകിക്ക് പ്രതിരോധിക്കാനുള്ള ഷില്ലോങ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഗനി പന്ത് വലയിലെത്തിച്ചു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ഗനി തന്നെയാണ് ഹീറോ ഓഫ് ദി മാച്ച് ആയതും.  56-ാം മിനിറ്റില്‍ ലഭിച്ച ഷോര്‍ട്ട് കോര്‍ണര്‍ മികച്ച ഒരു ഷോട്ടിലൂടെ അന്റോണിയോ ജെര്‍മന്‍ വലയിലെത്തിക്കുകയായിരുന്നു. ഷില്ലോങ് താരം സാമുവല്‍ ലിങ്‌ദോയുടെ ദേഹത്തു തട്ടിയ പന്ത് തടയാന്‍ ഗോള്‍ കീപ്പര്‍ക്കായില്ല. ഗോകുലം രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.

66-ാം മിനിറ്റില്‍ ഗനിയുടെ ക്രോസ് കൃത്യമായി പ്ലെയ്‌സ് ചെയ്ത് രാജേഷ് ഗോകുലത്തിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. മൂന്നു ഗോളടിച്ചതോടെ അലസത കാണിച്ച ഗോകുലത്തിന് കിട്ടിയ അടിയായിരുന്നു ഷില്ലോങ്ങിന്റെ ഗോള്‍. 78-ാം മിനിറ്റില്‍ ഷീന്‍ സ്റ്റിവന്‍സന്റെ പാസില്‍ നിന്ന് അണ്ടര്‍ 22 താരം ബുവാമാണ് ഷില്ലോങ്ങിനായി സ്‌കോര്‍ ചെയ്തത്. ഗോകുലത്തിന്റെ മധ്യനിരയും മുന്നേറ്റ നിരയും മികച്ച ഒത്തിണക്കം കാണിച്ച മത്സരമായിരുന്നു ഇന്നത്തേത്. സുഹൈറും, ഗനിയും, അഭിഷേക് ദാസും ചേര്‍ന്ന് മികച്ച അവസരങ്ങളാണ് മത്സരത്തിന്റെ തുടക്കം മുതല്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

മത്സരത്തിലുടനീളം ഗോകുലത്തിന്റെ മധ്യനിര ഉണര്‍ന്നു കളിച്ചു. മുന്നേറ്റത്തില്‍ പലപ്പോഴും ജെര്‍മന്റെ ഫിനിഷിങ്ങിലെ പിഴവാണ് ഗോകുലത്തിന്റെ സ്‌കോറിങ്ങില്‍ വിനയായത്. ആദ്യ പകുതിയില്‍ മാത്രം ആറോളം തുറന്ന അവസരങ്ങളാണ് ഗോകുലം താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. 72-ാം മിനിറ്റില്‍ സുഹൈറിന്റെ ഗോളെന്നുറച്ച ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു.  29-ാം മിനിറ്റില്‍ ഷില്ലോങ്ങിന്റെ ഉറച്ച ഗോള്‍ ശ്രമത്തില്‍ ഷിബിന്റെ ഗോള്‍ കീപ്പിങ് മികവ് ഗോകുലത്തിന്റെ രക്ഷക്കെത്തി. ബുവാമിന്റെ ഷോട്ട് ഷിബിന്‍ ഡൈവ് ചെയ്ത് തടയുകയായിരുന്നു. സുഹൈര്‍ മത്സരത്തിലുടനീളം ഷില്ലോങ് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. 80-ാം മിനിറ്റില്‍ സുഹൈറിനെ പിന്‍വലിച്ച് ഗോകുലം സല്‍മാനെ കളത്തിലിറക്കി. രാജേഷിന് പകരം പ്രീതം സിങ്ങും കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ നോവിന്‍ ഗുറംങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ സന്ദര്‍ശകരുടെ പരാജയം പൂര്‍ത്തിയായി.

Post a Comment

0 Comments