തുലാവർഷമെത്തി; മഴ കനക്കും



തിരുവനന്തപുരം: വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) കേരളത്തിലെത്തി. ശനിയാഴ്ചവരെ ചിലയിടങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. എട്ടാംതീയതിയോടെ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ചയാണ് തമിഴ്‌നാട് തീരത്തും തെക്കൻ കേരളത്തിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കൻതീരത്തും വടക്കുകിഴക്കൻ കാലവർഷം എത്തിയത്. വെള്ളിയാഴ്ച ഇത് വടക്കൻകേരളത്തിലേക്ക്‌ വ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.



തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപംകൊള്ളാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ എട്ടാം തീയതിയോടെ കേരളത്തിൽ കൂടുതൽ മഴ പെയ്തേക്കാം. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് കേരളത്തിൽ തുലാവർഷക്കാലം. ഇത്തവണ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് കാരണം തുലാവർഷം വൈകി. ഒക്ടോബറിൽ കേരളത്തിൽ 292.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിലും 306.1 മില്ലിമീറ്റർ മഴ കിട്ടി.

Post a Comment

0 Comments