കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ ബസ് സ്റ്റോപ്പിനു മുൻപിലെ ഗർത്തം കാൽനടയാത്രക്കാർക്കും ബസുകൾക്കും ഇതര വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മൂന്നു വർഷം മുൻപു വരെ രാജാജി റോഡിന് കുറുകെയായി ഇവിടെ നില നിന്നിരുന്ന മേൽ നടപ്പാലം പൊളിച്ചു മാറ്റിയതോടെയാണ് കോൺക്രീറ്റ് അടിത്തറ ഇളക്കി മാറ്റിയിടത്ത് ചെറിയ ഗർത്തം രൂപപ്പെടുകയും അതിൽ നിന്നു കമ്പികൾ ഉയരുകയുമുണ്ടായത്.
സ്റ്റോപ്പിന് നേരേ മുന്നിൽ കുഴികളുളളതു കൊണ്ട് സ്റ്റോപ്പിൽ ബസ് നിർത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ടയർ കുഴിയിൽ ചാടുമെന്നുറപ്പ്. വെയ്റ്റിങ് ഷെഡിൽ നിന്നു റോഡിലേക്ക് സാമാന്യം വീതിയിൽ തന്നെയാണ് കുഴിയുള്ളത്. നിർത്തിയിട്ടിരിന്ന ബസിനെ മറികടന്ന് വശത്തേക്ക് നിർത്താനും മറ്റു ബസുകൾക്ക് ഇത് തടസമാണ്. പുതിയ ബസ് സ്റ്റാൻഡിന്റെ നേരെ എതിർവശമായതു കൊണ്ടു തന്നെ ഏറെ ജനത്തിരക്കുള്ള നഗര ഭാഗമാണിത്; പ്രത്യേകിച്ച് രാവിലേയും വൈകിട്ടും. ബസുകളും ഓട്ടൊറിക്ഷകളും മറ്റു വാഹനളും മാത്രമല്ല, സ്കൂൾ- കോളെജ് വിദ്യാർഥികൾ, മറ്റു ജോലിക്കാർ തുടങ്ങി പലരും കടന്നു പോകുന്ന വഴിയാണിത്. മഴക്കാലമാകുമ്പോൾ കുഴിയിൽ വെള്ളം നിറയുന്നതും കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകും. ഇവിടെ പരിചയമില്ലാത്ത ആളുകളാണെങ്കിൽ കുഴിയിൽ വീണു പോകാനും സാധ്യതയുണ്ട്. ഒരു സ്വകാര്യ സ്ഥാപനം സ്പോൺസർ ചെയ്തിരുന്ന മേൽ നടപ്പാലം യാത്രക്കാർ അധികം ഉപയോഗിക്കാതിരുന്നതും രാത്രി ചിലയാളുകൾ വ്യാപകമായി സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മേൽനടപ്പാലം പൊളിച്ചു കളയാൻ കാരണമായി. എന്നാൽ അധികൃതർ അതു കൊണ്ടുണ്ടായ കുഴി അടപ്പിക്കാനുള്ള ശുഷ്കാന്തി കാണിച്ചിട്ടില്ല.
അതേസമയം, പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഗതാഗതകുരുക്ക് കുറയ്ക്കാനും തിരക്കു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച യന്ത്രനടപ്പാതയുടെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. പഴയ നടപ്പാലം നിന്നിരുന്ന സ്ഥലത്തു തന്നെയാകും ഇതും വരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നിർമ്മിതി വരുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുക. രാജാജി റോഡിന് മുകളിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കും തിരിച്ചും ഇറങ്ങാൻ പാകത്തിലാണ് എസ്കലേറ്റർ കം ഫുട്ട് ഓവർബ്രിഡ്ജ് പണിയുന്നത്.
0 Comments