ഹർത്താലിൽ കൂടുതൽ സജീവമായി ബേപ്പൂർ തുറമുഖം



ബേപ്പൂർ: ഹർത്താൽ ഒട്ടും ബാധിക്കാതെ ബേപ്പൂർ തുറമുഖത്തെത്തിയ കപ്പലിൽനിന്ന്‌ ചരക്കിറക്കി. 1850 ടൺ ലോഹമണലുമായി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന്‌ എത്തിയ ‘എം.വി. ഭാങ്കർ’ എന്ന കപ്പലിൽനിന്നാണ്‌ ചരക്കിറക്കിത്തുടങ്ങിയത്‌. വെള്ളിയാഴ്ച ഉച്ചയോടെ മുഴുവൻ ചരക്കും ഇറക്കിക്കഴിഞ്ഞശേഷം കപ്പൽ മടങ്ങും. ഗോവ സ്വദേശി ആഫ്‌ടബ്‌ ബോറയുടെ നേതൃത്വത്തിൽ 10 ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌. രണ്ടാമത്തെ തവണയാണ്‌ ലോഹമണൽ ബേപ്പൂർ തുറമുഖത്തെത്തുന്നത്‌. കൊച്ചി തുറമുഖത്ത്‌ നേരത്തേ എത്തിക്കൊണ്ടിരുന്ന ലോഹമണൽ ബേപ്പൂർ തുറമുഖംവഴി കുറഞ്ഞ ചെലവിൽ തമിഴ്‌നാട്ടിൽ എത്തിക്കാൻ കഴിയുന്നതുകൊണ്ടാണ്‌ ഇവിടെ എത്തിച്ചത്‌.



ബേപ്പൂർ പുറങ്കടലിൽ തറയോടുമായെത്തിയ ‘ഗ്രേറ്റ്‌ സീ വെമ്പനാട്‌’ എന്ന കണ്ടെയിനർ കപ്പൽ തുറമുഖത്തടുപ്പിക്കാനും അധികൃതർ ശ്രമം തുടങ്ങി. 30 കണ്ടെയിനറുകളിലായി ഗുജറാത്തിൽനിന്നാണ്‌ സിറാമിക്സ്‌ തറയോട്‌ എത്തിയിട്ടുള്ളത്‌. തുറമുഖവാർഫിൽ രണ്ടു ചരക്കുകപ്പലുകൾക്ക്‌ ഒരുമിച്ച്‌ നങ്കൂരമിടാനുള്ള അസൗകര്യമുള്ളതിൽ ലോഹമണൽ കപ്പൽ ചരക്കിറക്കിക്കഴിഞ്ഞശേഷം വെള്ളിയാഴ്ചയേ തറയോട്‌ ഇറക്കിത്തുടങ്ങുകയുള്ളൂ. മംഗലാപുരം തുറമുഖത്തുനിന്ന്‌ ഇനി പതിവായി സിമന്റ്‌, ട്രാൻസ്‌ ഏഷ്യൻ ഷിപ്പിങ്‌ സർവീസിന്റെ ‘കരുതൽ’ എന്ന കണ്ടെയിനർ കപ്പലിൽ എത്തിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്‌.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



ബേപ്പൂർ മത്സ്യബന്ധന തുറമുഖവും പ്രവർത്തിച്ചു

വ്യാഴാഴ്ച ബേപ്പൂർ മീൻപിടിത്ത തുറമുഖവും പതിവുപോലെ പ്രവർത്തിച്ചു. ഫിഷിങ്‌ ഹാർബറിൽ മത്സ്യബന്ധന ബോട്ടുകൾ കൊണ്ടുവന്ന മത്സ്യം തകൃതിയായി വിൽപ്പനനടന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന്‌ മത്സ്യം കയറ്റിക്കൊണ്ടുപോവാനായി നിരവധി ലോറികൾ ഹാർബറിലെത്തിയിരുന്നു. തുറമുഖത്തെ ലേലഹാളിൽ മത്സ്യലേലം നടന്നു. ഹാർബർ റോഡിലെ എല്ലാ കടകളും തുറന്നു പ്രവർത്തിച്ചിരുന്നു. ബേപ്പൂർ, നടുവട്ടം, അരക്കിണർ, മാത്തോട്ടം പ്രദേശത്ത്‌ പോലീസ്‌ സംഘത്തെ വിന്വസിപ്പിച്ചിരുന്നു. നടുവട്ടത്ത്‌ വെട്ടുകല്ലുകൾ റോഡിന്‌ കുറുകെയിട്ട്‌ സൃഷ്ടിച്ച ഗതാഗതതടസ്സം പോലീസ്‌ എത്തി നീക്കി.

Post a Comment

0 Comments