മെമു;ഇന്നും മലബാറിന് കിട്ടാക്കനി



കോഴിക്കോട്:മെമു - അഥവാ 'മെയിൻ ലൈൻ ഇലക്ട്രിക്ക് മൾട്ടിപ്പിൾ യൂനിറ്റ് ' എന്നറിയപ്പെടുന്ന ഈ ഹൃസ്വദൂര MRTS സംവിധാനം ഇന്നും മലബാറിന് ഒരു കിട്ടാക്കനിയായി തന്നെ നിലനിൽക്കുന്നു. മലബാറിന്റെ വാണിജ്യ തലസ്ഥാനമായ കോഴിക്കോട് പ്രതിദിനം 35000 പേർ റെയിൽവേ സ്റ്റേഷൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ. ഈ 35000-ൽ ഏകദേശം 70% പേർ തങ്ങളുടെ തൊഴിൽ/ബിസിനസ്സ് ആവശ്യങ്ങൾക്കായി തെക്ക് തൃശ്ശൂർ/ പാലക്കാട് തൊട്ട് വടക്ക് കണ്ണൂർ/ പയ്യന്നൂർ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് നിത്യേന കോഴിക്കോട് വന്ന് തിരിച്ച് പോവുന്നവരാണ്. 35000-ന്റെ 70% എന്നാൽ 24500 പേർ. ആരോഗ്യം, വിനോദം എന്നീ ആവശ്യങ്ങൾക്കായി ഈ നഗരത്തിലേക്ക് അനുദിനം വന്നെത്തുന്ന 'ഫ്ലോട്ടിംഗ് പോപ്പുലേഷൻ' ഒഴിച്ചു നിർത്തിയുള്ള കണക്കാണിത്.  ഇത്രയും യാത്രക്കാർക്കായി നമ്മുടെ ദക്ഷിണ റെയിൽവേ ഏർപ്പാടാക്കിയിരിക്കുന്നത് ഓരോ ദിശയിലേക്കും ഓരോ പാസഞ്ചർ ട്രെയിനുകൾ മാത്രം.



64 പേർ ഇരുന്നും, അത്ര തന്നെ പേർ നിന്നും യാത്ര ചെയ്യാവുന്ന പന്ത്രണ്ടോ പതിനഞ്ചോ കോച്ചുകൾ ഉള്ള ഒരു പാസഞ്ചർ വണ്ടിക്ക് എത്ര പേരെ വഹിക്കാമെന്ന് വെറുതെ ഒന്ന് കണക്ക് കൂട്ടി നോക്കുന്നത് നിങ്ങളെ ഞെട്ടിപ്പിക്കുന്ന ഒരു സത്യത്തിലേക്കായിരിക്കും. ബാക്കിയാവുന്ന ദിവസ യാത്രക്കാർ ദീർഘദൂര വണ്ടികളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. കാലങ്ങളോളം മലബാറിൽ റെയിൽവേ ലൈനുകൾ വൈദ്യുതീകരിച്ചതല്ല എന്നതായിരുന്നു മെമു അനുവദിക്കാത്തതിന് കാരണം ആയി പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോൾ ഷൊർണ്ണൂർ തൊട്ട് മംഗലാപുരം വരെയുള്ള പാത വൈദ്യുതീകരണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

സതേൺ റെയിൽവെ പൊതുവേ പാലക്കാട് ഡിവിഷനോടും, പിന്നെ ഡിവിഷൻ കോഴിക്കോടിനോടും കാണിക്കുന്ന ഈ ചിറ്റമ്മ നയം എതിർക്കപ്പെടേണ്ടത് തന്നെയാണ്. റവന്യൂ ശേഖരണമാണ് ഒരു മേഖലയ്ക്ക് സൗകര്യങ്ങൾ അനുവദിക്കുന്നതിനുള്ള സർക്കാർ മാനദണ്ഠമെന്നിരിക്കെ, ഡിവിഷനിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും, വരുമാനമുള്ളതുമായ ഷൊർണ്ണൂർ - കണ്ണൂർ മേഖലയെ തഴയുന്നതെങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. മേഖലയിലെ ജനപ്രതിനിധികൾ എന്ന നിലയിൽ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ, മുലപ്പള്ളി രാമചന്ദ്രൻ, ശ്രീമതി ടീച്ചർ എന്നിവർ ഈ വിഷയത്തിന് വേണ്ടത്ര ശൗരവം കൊടുത്തതായി കാണുന്നില്ല -  കോഴിക്കോടിന്റെ എം.പി. എന്ന നിലയ്ക്ക് എം.കെ. രാഘവൻ ചില ഒറ്റപ്പെട്ട ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തിയത് അപര്യാപ്തമാണെന്നും കൂടുതൽ ശക്തമായ സമ്മർദ്ധ തന്ത്രങ്ങൾ ആവശ്യമാണെന്നും അദ്ദേഹത്തെ ഓർമിപ്പിക്കുകയാണ്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments