കോഴിക്കോട്:നഗരത്തിനായുള്ള മൊബിലിറ്റി ഹബ് പദ്ധതി കെ.എം.ആര്‍.എല്ലിന്റെ സഹകരണത്തോടെ നടപ്പാക്കാന്‍ നഗരസഭാ കൗണ്‍സിലില്‍ ധാരണ. സ്വകാര്യവ്യക്തികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പ്രത്യേക ദൗത്യസംഘം മേല്‍നോട്ടം വഹിക്കും.
നഗരസഭ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ രൂപകല്‍പനയും നിര്‍മാണച്ചുമതലയുമാണ് കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിക്കുന്നത്. സ്വകാര്യവ്യക്തികളില്‍ നിന്ന് ഇരുപതേക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ മൊബിലിറ്റി ഹബിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. എന്നാല്‍ പദ്ധതി സംബന്ധിച്ച് വിശദമായ ചര്‍ച്ച കൗണ്‍സിലില്‍ നടത്താതതില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധമറിയിച്ചു.
ദീര്‍ഘദൂര ബസുകള്‍ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാതെ ഹബിലേക്കെത്തുകയും അവിടെ നിന്നുതന്നെ പുറപ്പെടുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി. നഗരപരിധിയില്‍ സിറ്റി ബസുകള്‍ മാത്രമായാല്‍ ഗതാഗതക്കുരുക്കും കുറയുമെന്നാണ് കണ്ടെത്തല്‍. മലാപ്പറമ്പിലാണ് മൊബിലിറ്റി ഹബിനായി നഗരസഭ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
Content Highlights:KMRL Helps Calicut Mobility Hub Project
0 Comments