കസബ: കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട. 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാൻസുമായി കോഴിക്കോട് വെള്ളയിൽ സ്വദേശിയായ നാലുകുടിപറമ്പ് ഫാത്തിമ മൻസിലിൽ ജംഷീറിനെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നഗരത്തിലെ ഭട്ട് റോഡ് ബീച്ച്, വെള്ളയിൽ, ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്നയാളാണ് ഇയാളെന്ന് പൊലീസ്. ബീച്ച് റോഡിലെ ലയണ്‍സ് പാർക്കിനടുത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.
പിടിയിലാവുമ്പോൾ ഇയാളുടെ കയ്യിൽ നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ലഹരി ഗുളികകളുണ്ടായിരുന്നു. കോഴിക്കോട് ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടെന്ന് സിറ്റി പോലീസ് ചീഫ് എ വി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ നാർക്കോട്ടിക് സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു.
മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഒരു തരം ഹിപ്നോട്ടിക് ഡ്രഗ്ഗാണ് നൈട്രോസെപാം. തലച്ചോറുകളിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. പോണ്ടിച്ചേരി, മൈസൂർ എന്നിവിടങ്ങളിൽ 50 രൂപയ്ക്ക് വാങ്ങുന്ന നൈട്രോസെപാം ഗുളികകൾ 500 രൂപയ്ക്കാണ് ഇയാൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നത്. ഇയാൾക്കെതിരെ മുൻപ് വലിയ അളവിൽ ഹാൻസ് കച്ചവടം നടത്തിയതിന് കസബ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
0 Comments