കോഴിക്കോട്: സ്വകാര്യ ബസുകളിലെ ബംഗളൂരു യാത്ര യാത്രികരെ വലയ്ക്കുമ്പോള്‍ ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകൾ തുടങ്ങിയില്ലെങ്കില്‍ കാൽലക്ഷത്തിനടുത്തോളം യാത്രക്കാരാണ് ദുരിതത്തിലാവുക. സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമത്തിന് യാത്രക്കാര്‍ ഇരയായതിന്റെ പശ്ചാത്തലത്തിലാണ് ബംഗളൂരു റൂട്ടിലേക്ക് കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്.
പ്രതിദിനമുള്ള അഞ്ച് ട്രെയിനുകൾ മാത്രമാണ് ഇപ്പോൾ ജനങ്ങൾക്ക് പ്രധാന ആശ്രയം. ആഴ്ചയില്‍ വടക്കെ മലബാറിൽ നിന്നും എട്ട് സർവീസുകളും തിരുവനന്തപുരത്ത് നിന്ന് 44 സര്‍വീസുകളുമാണ് ഇപ്പോൾ റെയില്‍വേ നടത്തുന്നത്. ഇത് തീര്‍ത്തും പരിമിതമാണ്. ഈ ട്രെയിനുകളിൽ ജനറൽ കോച്ചുകളിലെ യാത്ര ദുരിത പൂർണമാണ്. ചിലപ്പോൾ റിസർവ്ഡ് കോച്ചുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകാർ നിറയുന്നു.
കണ്ണൂരിൽ നിന്നും മംഗളൂരുവിൽ നിന്നും രണ്ടും വീതം ട്രെയിനുകളാണ് മംഗളൂരു വഴിയും ഷൊർണൂർ വഴിയും സർവീസ് നടത്തുന്നത്. യശ്വന്തപുരയിൽ നിന്ന് വരുന്ന ഒരു ട്രെയിനാകട്ടെ പാതി കോച്ചുകളുമായിട്ടാണ് കണ്ണൂരിൽ എത്തുന്നത്. കണ്ണൂരിൽ നിന്നും വൈകുന്നേരം 4.40 ന് പുറപ്പെടുന്ന ട്രെയിൻ മംഗളൂരുവിൽ എത്തി ബാക്കി കോച്ചുകൾ ഘടിപ്പിച്ച് രാത്രിയാണ് പുറപ്പെടുന്നത്. ഈ സാഹചര്യത്തിൽ
യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സീറ്റില്ലാത്തിനാല്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ട്രെയിനിൽ സൗകര്യമില്ലാത്തതിനാൽ ഇത് സ്വകാര്യബസുകാര്‍ ചൂഷണം ചെയ്യുകയാണ്. ഏപ്രിലില്‍ കല്ലട ബസുകാരില്‍ നിന്ന് യാത്രക്കാര്‍ക്ക് അതിക്രമം നേരിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ട്രെയിൻ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തിന് കത്തയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതല്‍ ബോഗികള്‍ അനുവദിച്ചാല്‍ കുറച്ചെങ്കിലും ആശ്വാസമാവും. ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂർ, മംഗളൂരു എന്നിവടങ്ങളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഷൊർണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടിയാലും പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കാണാനാവുമെന്നാണ് റെയിൽവേ ഡിവിഷൻ പാസഞ്ചേർസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
13 വർഷം മുമ്പ് ബംഗളൂരു -കോഴിക്കോട് ഇന്റർസിറ്റി എന്ന ആശയം അധികൃതർക്ക് സമർപ്പിച്ചിരുന്നു. പക്ഷെ ഒരു ബജറ്റിലും യാതൊരു പരാമർശവും ഉണ്ടായില്ല. പിന്നീട് ആവശ്യം ഉന്നയിക്കുമ്പോൾ റേക്ക് ഇല്ല, ട്രാക്ക് ഒഴിവില്ല എന്നീ മറുപടികളാണ് ലഭിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ.നമ്പ്യാർ പറഞ്ഞു.
യശ്വന്തപുരയിലേക്ക് സർവീസ് നടത്തിയ ട്രെയിനുകൾ ബാനസവാടി വരെ നീട്ടിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളാണ്. എന്നിട്ടും കൂടുതല്‍ യാത്ര സൗകര്യം നല്കുന്ന കാര്യത്തില്‍ കേരളത്തോട് റെയില്‍വേ അവഗണന തുടരുകയാണ്.
വടക്കെ മലബാറിൽ നിന്നും ബംഗളൂരുവിലേക്ക് ദിവസേന 70 ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതാകട്ടെ നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. രാത്രികാല പരിശോധന തുടങ്ങിയതോടെ ചില ബസുകൾ രഹസ്യമായാണത്രെ സർവീസ് നടത്തുന്നത് തന്നെ
0 Comments