താമരശ്ശേരി:നീണ്ട കാത്തിരിപ്പിനുശേഷം ഏറെ കടമ്പകൾ കടന്ന് മുൻസിഫ് കോടതി യാഥാർഥ്യമാകുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിൽ താമരശ്ശേരിയിലെ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2നെ മുൻസിഫ് മജിസ്ട്രേട്ട് കോടതിയാക്കി മാറ്റാനാണ് തീരുമാനം. ഇതിനായി 11 തസ്തികകൾ കൂടി ക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. താമരശ്ശേരി മുൻസിഫ് കോടതി അനുവദിക്കണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ട് പഴക്കമുണ്ട്.
ജനപ്രതിനിധികളുടെയും ബാർ അസോസിയേഷന്റെയും മറ്റും നേതൃത്വത്തിൽ ഏറെ നിവേദനങ്ങളും നൽകിയതാണ്. 2013ൽ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2, മുൻസിഫ് മജിസ്ട്രേട്ട് കോടതിയായി മാറ്റി ഉത്തരവായെങ്കിലും കോടതിയിൽ നിലവിലുള്ള സ്റ്റാഫിനെ കൊണ്ടു തന്നെ പ്രവർത്തിപ്പിക്കണമെന്ന നിർദേശം സാധ്യമല്ലെന്നും പ്രവർത്തനത്തിന് ആവശ്യമായ 27 ജീവനക്കാരെ അനുവദിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് തീരുമാനം നടപ്പായില്ല.
ജനപ്രതിനിധികളുടെ ഇടപെടൽ മൂലം പിന്നീട് 8 പേരെ അനുവദിച്ചെങ്കിലും ഹൈക്കോടതി വീണ്ടും സർക്കാരിനോട് 27 പേരും വേണമെന്ന നിലപാട് ആവർത്തിച്ചു. 2017ൽ 8 പേരെ കൂടി അനുവദിച്ചപ്പോഴും ഹൈക്കോടതി നിലപാടിൽ ഉറച്ചു നിന്നു. 2019ൽ താമരശ്ശേരി ബാർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു വീണ്ടും നിവേദനം നൽകിയതോടെയാണ് മുൻസിഫ് കോടതിക്കു വഴിതെളിഞ്ഞത്. ഹൈക്കോടതി 8 ജീവനക്കാരെ അനുവദിക്കുകയും 3 പേരെ ജില്ലയിലെ മറ്റു കോടതികളിൽനിന്നു പുനർവിന്യാസം നടത്താൻ സന്നദ്ധത അറിയിക്കുകയും ചെയ്തതോടെയാണ് താമരശ്ശേരിയിൽ മുൻസിഫ് കോടതി യാഥാർഥ്യമാവുന്നത്.
താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ഈങ്ങാപ്പുഴ, നെല്ലിപ്പൊയിൽ, കോടഞ്ചേരി, കൂടത്തായി, പുത്തൂർ, കെടവൂർ, രാരോത്ത്, കൊടുവള്ളി, വാവാട്, കിഴക്കോത്ത്, നരിക്കുനി, തിരുവമ്പാടി, കൂടരഞ്ഞി, ഉണ്ണികുളം, ശിവപുരം, കിനാലൂർ, കന്തലാട്, പനങ്ങാട്, കട്ടിപ്പാറ വില്ലേജുകളാണ് താമരശ്ശേരി മുൻസിഫ് കോടതി പരിധിയിൽ വരുന്നത്. പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ സിവിൽ കേസിനായി കോഴിക്കോട് എത്തിപ്പെടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. സിവിൽ കോടതിയുടെ പ്രവർത്തനം അടുത്ത മാസം തുടങ്ങാനാണ് സാധ്യത.
0 Comments