പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥപറഞ്ഞ് താരമായി കോഴിക്കോട് സ്വദേശി സായി ശ്വേത



പുറമേരി/നാദാപുരം: പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി സായി ശ്വേതയെന്ന അധ്യാപിക പ്രിയങ്കരിയായി. തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപകയാണിവർ.



അധ്യാപനത്തിൽ ഒരുവർഷത്തെ അനുഭവം മാത്രമുള്ള സായിശ്വേത മികച്ച അവതരണത്തിലൂടെയാണ് കുരുന്നുകളുടെയും രക്ഷിതാക്കളുടെയും മനംകവർന്നത്. ഒന്നാം ക്ലാസുകാരില്ലാത്ത വീട്ടുകാർപോലും ക്ലാസ് സശ്രദ്ധം കണ്ടിരുന്നാസ്വദിച്ചു. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിർന്നവരും ടി.വി.ക്കു മുമ്പിലെത്തി. കൺമുന്നിൽ ടീച്ചറെന്നപോലെ വീടുകൾക്കകത്തിരുന്ന് കുഞ്ഞുങ്ങൾ അവർക്കൊപ്പം ചേർന്നു. ടീച്ചറുടെ മുമ്പിൽ കുട്ടികളുണ്ടോ എന്ന് പരിപാടി കാണുന്നവർപോലും സംശയിച്ചുപോകുന്ന തരത്തിലായിരുന്നു അവതരണം. പിന്നീട് സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ് ഈ അധ്യാപിക.



മുതുവടത്തൂർ സ്കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്‌സ് ചാനൽ അധികൃതർ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്. സംസ്ഥാനത്തെ ‘അധ്യാപകക്കൂട്ടം’ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് ശ്വേതയെ വിക്ടേഴ്‌സ് ചാനലിലെത്തിച്ചത്. വീഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാൻ ഈ അധ്യാപികയ്ക്കു ഭാഗ്യംതെളിഞ്ഞത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന മുതുവടത്തൂർ സ്വദേശി ദിലീപാണ് ഭർത്താവ്.

Post a Comment

0 Comments