കോവിഡ് 19: വ്യാപരസ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കികോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഷോപ്പിംഗ് കോപ്ലക്‌സുകള്‍, മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ വാണിജ്യ/സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.എല്ലാ തരത്തിലുള്ള വാണിജ്യ സ്ഥാപനങ്ങളിലും ശാരീരികാകലം പാലിച്ച് തിരക്ക് നിയന്ത്രിക്കേണ്ടതിനാല്‍ ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഇതിനായി ഓരോ വ്യപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണം. വാണിജ്യസ്ഥാപനങ്ങളിലും മാളുകളിലും ഉപഭോക്താക്കള്‍ തമ്മില്‍ ആറ് അടി അകലം ഉറപ്പുവരുത്തേണ്ടതാണ്.

വ്യാപാരകേന്ദ്രങ്ങളില്‍ എയര്‍കണ്ടീഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിക്കരുത്. പരമാവധി വെന്റിലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഉപഭോക്താക്കള്‍ക്കായി ബ്രേക്ക് ദ ചെയിന്‍സൗകര്യം ഉറപ്പുവരുത്തുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്തണം. കടകളിലെ സിസിടിവി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണം. കടകളിലെ തിരക്ക് വിശകലനം ചെയ്യുന്നതിന് ഇവ പരിശോധനയ്ക്ക് വിധേയമാക്കും.

ഷോപ്പിംഗ് സെന്ററുകളിലും മാളുകളിലും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും പോലീസ് സ്‌ക്വാഡുകള്‍ ഉറപ്പുവരുത്തണം. നിബന്ധനകള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ പോലീസ് വിവരം തഹസില്‍ദാര്‍മാര്‍ക്ക് കൈമാറണം. തഹസില്‍ദാരുടെ നിര്‍ദേശമനുസരിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.എല്ലാ വ്യാപാര സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. താലൂക്ക് അടിസ്ഥാനത്തിലുളള നോഡല്‍ ഓഫീസര്‍മാര്‍ (സബ് കലക്ടര്‍/റവന്യൂഡിവിഷണല്‍ ഓഫീസര്‍/ഡെപ്യൂട്ടി കലക്ടര്‍) പരിശോധന നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപന ഉടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശം നോഡല്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സെക്രട്ടറിക്ക് നല്‍കണമെന്ന് ജില്ലാ കല്കടര്‍ അറിയിച്ചു.

Post a Comment

0 Comments