നഗരത്തിൽ എവിടെ നിർത്തിയിടും വാഹനങ്ങള്‍

കോഴിക്കോട്: നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി വാഹനത്തിലെത്തുന്നവരെ വലയ്ക്കുന്ന പാർക്കിങ് പ്രശ്നത്തിന് പരിഹാരമായില്ല.

വർഷങ്ങൾക്കുമുമ്പുതന്നെ കോർപറേഷനു കീഴിൽ മൂന്നു പാർക്കിങ് പ്ലാസകളുടെ പദ്ധതിയായെങ്കിലും ഇവയെല്ലാം പാതിവഴിയിലാണ്. നേരത്തേ നഗരത്തിൽ പത്തിലേറെ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളുണ്ടായിരുന്നു. അതിൽ പലതും ഇപ്പോളില്ല. റോഡരികിൽ സുരക്ഷിതമല്ലാതെ വണ്ടി നിർത്തിപ്പോകാൻ പലരും നിർബന്ധിതമാകുകയാണ്.

ലിങ്ക് റോഡ്, കിഡ്സൺ കോർണർ, സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പാർക്കിങ് പ്ലാസകൾ വരുന്നത്. ബി.ഒ.ടി. അടിസ്ഥാനത്തിലാണ് നിർമാണം. ലിങ്ക് റോഡിലെ പാർക്കിങ് പ്ലാസയുടെ നിർമാണം മാത്രമേ തുടങ്ങിയിട്ടുള്ളൂ . ശേഷിക്കുന്നവയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.ലിങ്ക് റോഡിൽ എങ്ങുമെത്താതെ നിർമാണം

ലിങ്ക് റോഡിലെ പാർക്കിങ് പ്ലാസയുടെ നിർമാണം ആരംഭിച്ചത് 2015-ലാണ്. അഞ്ച് വർഷം പിന്നിട്ടിട്ടും നിർമാണം പാതി വഴിയിലാണ്. കോഴിക്കോട് ഡെവലപ്മെന്റ് അതോറിറ്റിയുടെ അധീനതയിലുള്ള 23 സെന്റ് സ്ഥലത്താണ് പ്ലാസ. വാഹനങ്ങൾ ലിഫ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന ഓട്ടോമാറ്റിക് രീതിയിലുള്ള പാർക്കിങ് പ്ലാസയാണ് നിർമിക്കുന്നത്. 14 നിലയുള്ള കെട്ടിടത്തിൽ പത്തുനില പാർക്കിങ്ങാവും. ശേഷിക്കുന്നവ വാണിജ്യസ്ഥാപനങ്ങൾക്ക് നൽകും.

വാഹനം ലിഫ്റ്റ് ചെയ്യാനുള്ള യന്ത്രങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മാർച്ചോടെ പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. ഫണ്ടിന്റെ അപര്യാപ്തയാണ് കാരണം.


രണ്ടെണ്ണം കടലാസിലൊതുങ്ങി

കിഡ്സൺ കോർണറിലും സ്റ്റേഡിയത്തിന് സമീപവും തുടങ്ങുമെന്ന് പറഞ്ഞ പാർക്കിങ് പ്ലാസകൾ ഇപ്പോഴും കടലാസിൽതന്നെ. കിഡ്സൺ കോർണറിൽ കെ.ടി.ഡി.സി.യുടെ കെട്ടിടം പൊളിച്ച് 30 കോടി രൂപ ചെലവിൽ പാർക്കിങ് സംവിധാനം ഒരുക്കാനാണ് പദ്ധതി. സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ്(സി.എം.ഡി) കൺസൽട്ടൻസി. പാർക്കിങ്ങിനു പുറമേ കടമുറികളും ഇവിടെയുണ്ടാകും. 30 മീറ്റർ ഉയരത്തിലായിരിക്കും പാർക്കിങ് പ്ലാസ. പൊതുജനങ്ങൾക്കിരിക്കാനായി ബെഞ്ചുൾപ്പെടെ സംവിധാനവും ഒരുക്കും. 34.4 കോടി ചെലവഴിച്ചാണ് സ്റ്റേഡിയത്തിൽ പാർക്കിങ് പ്ലാസയൊരുക്കുന്നത്.

Post a Comment

0 Comments