കോവിഡ് : തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത കടുപ്പിക്കണം; രോഗവ്യാപനം കൂടിയാല്‍ ഹോം ഐസൊലേഷന് ഒരുക്കും:ജില്ല കലക്ടര്‍ജില്ലയില്‍ കോവിഡ് 19  രോഗം ബാധിക്കുന്നവരുടെ എണ്ണം  വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത കടുപ്പിക്കണമെന്ന് കലക്ടര്‍ സാംബശിവ റാവു.   ജില്ലയിലെ കോവിഡ്  സാഹചര്യം വിലയിരുത്തുന്നതിന് തദ്ദേശ സ്ഥാപന പ്രതിനിധികളുമായി  ഓണ്‍ലൈന്‍  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   

ഓണത്തിനു ശേഷം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്.   രോഗികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.  രോഗവ്യാപനം തടയുന്നതിനുള്ള കര്‍ശന പ്രതിരോധ നടപടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം.  ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ആളുകള്‍ രോഗ പകര്‍ച്ചക്ക് ഇടയാക്കും വിധം ഒത്തുകൂടുന്നത് തടയണം. കച്ചവട സ്ഥാപനങ്ങള്‍ സന്ദര്‍ശക റജിസ്‌ട്രേഷനു വേണ്ടി കോവിഡ് ജാഗ്രത ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം.  കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ജില്ലയില്‍ കോവിഡ് ചികിത്സ സൗകര്യങ്ങള്‍  പൂര്‍ണ്ണ സജ്ജമാണ്. മലബാര്‍ മെഡിക്കല്‍ കോളേജ്, കെ എം സി ടി എന്നിവിടങ്ങളില്‍  കൂടി കോവിഡ്   ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട് . രോഗികളുടെ എണ്ണം കൂടിയാല്‍ ഹോം ഐസൊലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടികള്‍ വഴി ജാഗ്രത പോര്‍ട്ടലിലൂടെ ആളുകള്‍ക്ക് ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശിക്കാം.

ആളുകളുടെ താല്‍പര്യം പരിഗണിച്ച് മാത്രമേ ഹോം ഐസൊലേഷന്‍ നല്‍കുകയുള്ളൂ. 50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും ഹോം ഐസൊലേഷന്‍ നല്‍കരുത്. ഇവരെ നിര്‍ബന്ധമായും എഫ് എല്‍ ടി സികളിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റണം.

വീടുകളിലെ സൗകര്യങ്ങള്‍ വാര്‍ഡ് ആര്‍ ആര്‍ ടി കള്‍, ജനപ്രതിനിധി, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഉറപ്പുവരുത്തണം. മുറി, ടോയ്ലെറ്റ് സൗകര്യങ്ങള്‍ എന്നിവ പ്രധാനമാണ്.

രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഹോം ഐസൊലേഷന്‍ നല്‍കരുതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഹോം ഐസൊലേഷന്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആ വീട്ടില്‍ കഴിയുന്ന മറ്റംഗങ്ങളുടെ സൗകര്യം കൂടി പരിഗണിക്കണം. രോഗിയും രോഗമില്ലാത്തവരും തമ്മില്‍ സമ്പര്‍ക്കം പാടില്ല. കൂടുതല്‍ ശ്രദ്ധനല്‍കേണ്ട ആളുകള്‍, വയോജനങ്ങള്‍, കുഞ്ഞുങ്ങള്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവരെ ഇവിടെ നിന്നും മാറ്റി താമസിപ്പിക്കണം. 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ആളുകളാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നതെങ്കില്‍ നിര്‍ബന്ധമായും പള്‍സ് ഓക്‌സിമീറ്റര്‍ സൗകര്യം ഉണ്ടാകണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കുടുംബാഗങ്ങള്‍ക്കും ടെസ്റ്റ് നടത്തണം.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്  രോഗലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാം. കോവിഡ്19 ജാഗ്രത പോര്‍ട്ടല്‍ വഴി സ്വയം രജിസ്‌ട്രേഷന്‍ നടത്തി പാസ്സ്വേര്‍ഡ് സജ്ജമാക്കി ലോഗിന്‍ ചെയ്ത് ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ഓണ്‍ലൈന്‍ ക്വാറന്റിന്‍ റിലീസ് സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ പ്രിസ്‌ക്രിപ്ഷന്‍, റഫറല്‍ സേവനങ്ങള്‍ മുതലായവ ഇതുവഴി ലഭിക്കും. കോവിഡ് പോസിറ്റീവ് ആയി ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ജില്ലയില്‍ ദിവസേന അയ്യായിരത്തിനു മുകളില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്ന ജില്ലയാണ് കോഴിക്കോട്. രോഗമുളളവരെ കണ്ടെത്തി ചികിത്സ നല്‍കുകയും രോഗവ്യാപനം തടയുകയുമാണ് ലക്ഷ്യം. കോവിഡിനെതിരായ പോരാട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണ്. ഓരോ ജീവനും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍  പറഞ്ഞു.

Post a Comment

0 Comments