നിയമസഭാ വോട്ടർപട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
  • കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി


2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങൾ/എതിർപ്പുകൾ എന്നിവ വോട്ടർമാർക്ക് ഡിസംബർ 31 വരെ സമർപ്പിക്കാം.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരായതിനാൽ വോട്ടർപട്ടിക പുതുക്കലിന് കൂടുതൽ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടേയും അഭ്യർഥന കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി നീട്ടിയത്.

നിലവിൽ 2,63,00,000 ഓളം പേരാണ് നിലവിൽ കരട് വോട്ടർപട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനും സാധിക്കും.

പ്രായപൂർത്തിയായ ആരും വോട്ടർപട്ടികയിൽനിന്ന് വിട്ടുപോകാതിരിക്കാൻ 31 വരെ സമഗ്രമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉപയോഗപ്പെടുത്തും. വോട്ടർപട്ടികയിൽ എല്ലാ അർഹരെയും ഉൾപ്പെടുത്തുന്നത് വേഗത്തിലാക്കാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തി.

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ്, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഐ.ടി, സാമൂഹ്യ നീതി, തൊഴിൽ, പട്ടികജാതി, പട്ടികവർഗ വികസനം തുടങ്ങിയ വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ച് വകുപ്പുകൾ മുഖേന ചെയ്യാവുന്ന കാര്യങ്ങളിൽ അഭിപ്രായമറിയിച്ചു. 18 വയസ് തികഞ്ഞ വിദ്യാർഥികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, ഓരോ മേഖലയിലെയും പ്രമുഖ വ്യക്തികൾ തുടങ്ങി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പേരുചേർക്കാൻ സമഗ്രമായ പരിപാടികൾ ഈമാസം നടപ്പാക്കും.

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന ഇതിനായി പ്രത്യേക പത്രക്കുറിപ്പുകൾ, പോസ്റ്ററുകൾ, ഹ്രസ്വ വീഡിയോകൾ, ഗവ. വെബ്സൈറ്റുകളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ലിങ്ക് ഉൾപ്പെടുത്തൽ, റേഡിയോ പ്രചാരണം തുടങ്ങിയ ഇക്കാലയളവിൽ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കരട് പട്ടികയിൽ പേര് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ ചേർക്കാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.

Post a Comment

0 Comments