കോഴിക്കോട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. 

 • രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെ: കുറുംപൊയില്‍, കിഴക്കെ കുറുംപൊയില്‍, കാപ്പിക്കുന്ന്, പാലംതല, ആനക്കുണ്ടുങ്ങല്‍, ഏര്‍വാടിമുക്ക്, കുവ്വംപായി, കത്തിയണയ്ക്കാന്‍പാറ, കിനാലൂര്‍ എസ്റ്റേറ്റ്, കൈതച്ചാല്‍, മങ്കയം, ഏഴുകണ്ടി. 
 • രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ: ഐ.ഒ.സി., മണ്ണാര്‍പാടം, പുറ്റെക്കാട്, പുറ്റെക്കാട് പള്ളി, ഇ.എസ്.ഐ., ഫറോക്ക് ടൗണ്‍, രജിസ്ട്രാര്‍ ഓഫീസ്, ചന്തക്കടവ്, കുറ്റിപാല, ചേലേമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പെരുന്നേരി, ഫാര്‍മസി കോളേജ്, കൂനൂര്‍ വളവ്, പുല്ലിപ്പറമ്പ്, പാറയില്‍, തേനേരിപ്പാറ, ആലുങ്കല്‍, മുക്കത്ത്കടവ്, തിരുത്തി, ശ്രീപുരി റോഡ്. 
 • ഉച്ച ഒന്ന് മുതല്‍ അഞ്ച് വരെ: വെള്ളിപറമ്പ്, എളയേടത്ത് കാവ്, പുന്നശ്ശേരി അമ്പലം പരിസരം, കക്കുളങ്ങരപാറ, ദ്വീപ് പരിസരം. 
 • രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ: പൈങ്ങോട്ടുപുറം, ആനശ്ശേരി, വെസ്റ്റ്ഹില്‍ ചുങ്കം, കോയന്‍കോ, അത്താണിക്കല്‍.
 • വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ: കോണോട്ട്, പാറക്കടവ്, തുറയില്‍.


ഇന്ന് ബേപ്പൂര്‍ തുറമുഖത്തടുക്കുന്ന എം.വി.മിനിക്കോയ്‌


  
ബേപ്പൂര്‍: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി തീര്‍ത്തശേഷം ലക്ഷദ്വീപ് യാത്രാക്കപ്പല്‍ എം.വി. മിനിക്കോയ് തിങ്കളാഴ്ച ബേപ്പൂര്‍ തുറമുഖത്തെത്തും. ബേപ്പൂര്‍-ലക്ഷദ്വീപ് റൂട്ടില്‍ സ്ഥിരംസര്‍വീസ് നടത്തുന്ന കപ്പലിന്റെ ദിശാനിയന്ത്രണ സംവിധാനം ഓഖി ചുഴലിക്കാറ്റില്‍ തകരാറിലാവുകയും ദ്വീപിലേക്ക് യാത്ര തുടരാന്‍ കഴിയാതെ ബേപ്പൂര്‍തുറമുഖത്ത് കുടുങ്ങുകയുമായിരുന്നു. ഇന്ത്യന്‍ ഷിപ്പിങ് രജിസ്ട്രാറിന്റെ നിര്‍ദേശപ്രകാരം സര്‍വേനടത്തി അറ്റകുറ്റപ്പണി തീര്‍ത്ത കപ്പല്‍ 120 യാത്രക്കാരുമായാണ് ദ്വീപില്‍നിന്ന് ബേപ്പൂര്‍ തുറമുഖത്തെത്തുന്നത്. 'എം.വി. മിനിക്കോയ്' കപ്പലിന്റെ കപ്പിത്താന്‍ പദവിയില്‍നിന്ന് 2015-ല്‍ ഒഴിഞ്ഞ കോഴിക്കോട് സ്വദേസി മാസ്റ്റര്‍ മറൈനര്‍ കെ.കെ. ഹരിദാസ് കപ്പലിന്റെ പുതിയ കപ്പിത്താനായി വീണ്ടും ചുമതലയേറ്റു. കേരള സര്‍ക്കാര്‍, ബേപ്പൂര്‍ പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് നല്‍കിയതോടെ ഹരിദാസ് വീണ്ടും കപ്പിത്താന്‍ ജീവിതത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുമായി എം.വി. മിനിക്കോയ് ചൊവ്വാഴ്ച ബേപ്പൂര്‍ തുറമുഖം വിടും.

 • നികുതി കൂട്ടുന്നത് കേന്ദ്ര മെട്രോനയത്തിന്റെ ഭാഗമായി ഡി.എം.ആര്‍.സി. സമര്‍പ്പിച്ച വിശദ പദ്ധതിറിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് നല്‍കും. ഡി.പി.ആറിന് ഒന്നിലധികം വകുപ്പുകളുടെ അനുമതിവേണം


കോഴിക്കോട്: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ കടന്നുപോവുന്ന അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ നികുതി കൂട്ടിയേക്കും. ഭൂനികുതി 50 ശതമാനവും ഭൂമി രജിസ്‌ട്രേഷന്‍ നിരക്ക് രണ്ട് ശതമാനവും കൂട്ടാനാണ് ഡി.എം.ആര്‍.സി. വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലൈറ്റ് മെട്രോയുടെ ഗുണഭോക്താക്കളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. ലൈറ്റ് മെട്രോകടന്നുപോവുന്ന വഴികളിലുള്ളവര്‍ക്ക് ഭൂമി വിലയും വാടകയും കൂടുമ്പോള്‍ അതിന്റെ നേരിയ ഗുണം പദ്ധതിക്കും ലഭിക്കുക എന്നതാണ് ഈ പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യം. കൂടുന്ന നികുതിവരുമാനത്തില്‍നിന്നുള്ള വിഹിതം ലൈറ്റ് മെട്രോയുടെ നടത്തിപ്പുകാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭിക്കും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കണമെങ്കില്‍ നടത്തിപ്പിനുള്ള വരുമാനവും കണ്ടെത്തണമെന്ന് കേന്ദ്രമെട്രോനയത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശമുള്‍പ്പെടുത്തിയത്. ഇതോടൊപ്പംതന്നെ ലൈറ്റ് മെട്രോയുടെ നിര്‍മാണത്തിന്റെ വിസ്തൃതി കൂട്ടാനും ശുപാര്‍ശയുണ്ട്. ഈ ശുപാര്‍ശകളടങ്ങിയ ഡി.പി.ആര്‍(വിശദ പദ്ധതി റിപ്പോര്‍ട്ട്)അടുത്തയാഴ്ച പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറും. രജിസ്‌ട്രേഷന്‍, ധനകാര്യം, തദ്ദേശ സ്വയംഭരണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ അനുമതി കിട്ടിയ ശേഷമായിരിക്കും മന്ത്രിസഭ പരിഗണിക്കുക. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി പദ്ധതിച്ചെലവില്‍ 750 കോടിയിലധികം രൂപ അധികം വരുന്നുണ്ട്. അതേസമയം മെട്രോ അനുബന്ധ ജോലികള്‍ക്കായി മാനാഞ്ചിറ-മീഞ്ചന്തറോഡ് ഡി.എം.ആര്‍.സിക്ക് കൈമാറിയെങ്കിലും ഇതുവരെ പ്രവൃത്തി തുടങ്ങാനുള്ള കരാര്‍ ഒപ്പിട്ടിട്ടില്ല.കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര തിരക്കുകള്‍ പ്രമാണിച്ച് താമരശ്ശേരി ചുരം റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ കളക്ടര്‍ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശംനല്‍കി. നാലുദിവസത്തിനകം അടിവാരം മുതല്‍ ലക്കിടി വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തും.

ചെറുവാഹനങ്ങള്‍ കുഴികളില്‍ ചാടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. ചുരത്തിലൂടെ 25 ടണ്‍ ഭാരവും അതില്‍ കൂടുതലുമുള്ള ചരക്കുവാഹനങ്ങള്‍ നിരോധിച്ചിരുന്നു. ചുരം റോഡ് ശോച്യാവസ്ഥയിലായതിനെ തുടര്‍ന്നാണ് ചരക്കുവാഹനങ്ങള്‍ നിരോധിച്ചിരുന്നത്. 25 ടണ്‍ ഭാരത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ ബദല്‍റോഡുകളായ പക്രംതളം ചുരം, നാടുകാണി ചുരം എന്നിവയിലൂടെ പോകണമെന്നായിരുന്നു നിര്‍ദേശം.

കോഴിക്കോട്: കുമാരസ്വാമി - നരിക്കുനി റോഡില്‍ ഗേറ്റ് ബസാര്‍ മുതല്‍ നരിക്കുനി അങ്ങാടി വരെ ടാറിംഗ് നടക്കുന്നതിനാല്‍ നാളെ മുതല്‍ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

കുമാരസ്വാമിയില്‍ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലത്ത് എരവന്നൂര്‍-പാലോളിത്താഴം ചെന്പക്കുന്ന്-നാലുപുരക്കല്‍ വഴിയും തിരിച്ചും പോകേണ്ടതാണ്.


കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മെഡിക്കല്‍ ബൂത്തുകള്‍ അടുത്ത ദിവസം പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എരഞ്ഞിപ്പാലത്തെ മലബാര്‍ ആസ്​പത്രിയും കണ്ണൂരില്‍ വി.ഐ.പി. ലോഞ്ചിന് സമീപമായി ദേശീയ ആരോഗ്യ മിഷനുമാണ് ബൂത്ത് ആരംഭിക്കുക. ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. ഒരു പാരാ മെഡിക്കല്‍ ജീവനക്കാരനും പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ആവശ്യമായ സംവിധാനങ്ങളും ഒരു ആംബുലന്‍സും ഉള്‍പ്പെട്ടതായിരിക്കും ബൂത്ത്. 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കും. കോഴിക്കോടിനും കണ്ണൂരിനും പുറമേ, ഷൊര്‍ണൂര്‍ ജങ്ഷന്‍, മംഗലാപുരം ജങ്ഷന്‍ എന്നിവിടങ്ങളിലേക്കും മെഡിക്കല്‍ ബൂത്ത് നടത്താന്‍ അപേക്ഷകരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. കണ്ണൂരില്‍ ദേശീയ ആരോഗ്യ മിഷനുവേണ്ടി ആംബുലന്‍സ് ലുബ്‌നാഥ് ഷാ മെമ്മോറിയല്‍ ട്രസ്റ്റാണ് ഏര്‍പ്പെടുത്തുക. സൗജന്യമാണ് ഈ സേവനം. പ്രാഥമിക ചികിത്സയ്ക്കുശേഷം അസുഖബാധിതരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്കോ ജനറല്‍ ആസ്​പത്രിയിലേക്കോ മാറ്റും.കോഴിക്കോട്:കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതിന് നാഷണല്‍ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ക്ക് അനുമതിനല്‍കി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം എം.കെ. രാഘവന്‍ എം.പി.യെ അറിയിച്ചതാണിത്. എന്‍.എച്ച്.എ.ഐ.യുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രോജക്ടാണിത്. മൊത്തം 28.4 കിലോമീറ്ററാണ് ആറുവരി ബൈപ്പാസ് വരുന്നത്. 28.4 കിലോമീറ്റര്‍ ദൂരത്തിന് 1424.774 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് 50.31 കോടി രൂപ. കിലോമീറ്ററിന് മതിപ്പുവില നോക്കുമ്പോള്‍ ഏറ്റവും ചെലവേറിയ ദേശീയപാതകളില്‍ ഒന്നായി ഇത് മാറും. പാത കടന്നുപോകുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് ഏഴ് മേല്‍പ്പാലങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്-പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ വരുന്നത്. ദേശീയപാത അടിയിലൂടെ കടന്നുപോകുന്ന വിധത്തില്‍ മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളില്‍ രണ്ട് മുകള്‍പാതകളും അംഗീകരിച്ചിട്ടുണ്ട്. ക്രോസ് റോഡുകള്‍ കടന്നുപോകാനായി അമ്പലപ്പടി, മൊകവൂര്‍, കൂടത്തുമ്പാറ, വയല്‍ക്കര എന്നിവിടങ്ങളിലായി നാല് അടിപ്പാതകളും ഉണ്ട്. കൊടല്‍നടക്കാവ് മേല്‍നടപ്പാതയും ഇതിന്റെ ഭാഗമായ് വരും. ഇത്രയും നിര്‍മാണങ്ങള്‍കൂടി ഉള്‍പ്പെടെയാണ് വലിയ ചെലവ് കണക്കാക്കുന്നത്. ദേശീയപാത വികസനപദ്ധതിയുടെ മൂന്നാംഘട്ടമെന്ന നിലയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതി നിര്‍വഹണത്തിനുള്ള ടെക്‌നിക്കല്‍ ബിഡ് തുറക്കുന്നത് ഈ മാസം 21-നാണ്. പദ്ധതി 30 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.കെ. രാഘവന്‍ അറിയിച്ചു. എന്‍.എച്ച്.എ.ഐ. കോഴിക്കോട് പ്രോജക്ട് ഡയറക്ട് ഓഫീസിനാണ് ആറുവരി പാതയുടെ മേല്‍നോട്ട ചുമതല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, എന്‍.എച്ച്. പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസ് ജീവനക്കാര്‍, കേരള റീജണല്‍ ഓഫീസര്‍ ലെഫ്. കേണല്‍ ആഷിഷ് ദ്വിവേദി, ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) പുരുഷോത്തം കുമാര്‍, എന്‍.എച്ച്.എ.ഐ. ടെക്‌നിക്കല്‍ മെമ്പര്‍ ഡി.ഒ. തവാഡെ എന്നിവരുടെ ഇടപെടല്‍ പദ്ധതി അനുവദിച്ചുകിട്ടുന്നതിന് സഹായകരമായിട്ടുണ്ടെന്ന് എം.പി. വ്യക്തമാക്കി.കോഴിക്കോട്:വേങ്ങേരി പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ ഓഫിസർ, ഗാർഡനർ കം ലാബ് ക്ലീനർ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് 2018 മാർച്ച് 31 വരെയുളള കാലയളവിലേക്കായി കരാർ നിയമനം നടത്തുന്നു. ടെക്നിക്കൽ ഓഫിസർ അഭിമുഖം സമയം: 20നു രാവിലെ 10.30. ഗാർഡനർ-കം-ലാബ് ക്ലീനർ അഭിമുഖം ഉച്ചയ്ക്ക് 2.30. താൽപര്യമുളളർ സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫിസർ കാര്യാലയത്തിൽ എത്തണം. ഫോൺ: 9495317361കോഴിക്കോട്:എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാ പ്രോജക്റ്റിലേക്കു മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷൻ ഓഫിസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 15 നു രാവിലെ 10ന് മെഡിക്കൽ കോളജ് പുതിയോട്ടിൽ ബിൽഡിങ്ങിൽ എത്തണം. ഫോൺ: 9287789000.


കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ യോജിപ്പിക്കുന്ന അന്തസ്സംസ്ഥാന പാത എന്‍.എച്ച് 66-ല്‍ നിരോധന സമയങ്ങളില്‍ ടിപ്പര്‍ ലോറി ഓടുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം പരാതിപ്പെടാം. രാവിലെ എട്ട് മുതല്‍ 10.30 വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികളും 25 ടണ്ണും അതില്‍ കൂടുതലുമുളള ചരക്ക് വാഹനങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. ഉത്തരവുകള്‍ ലംഘിക്കുന്ന വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ട വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. dmcellkozhikode@gmail.com എന്ന ഇ-മെയില്‍ വഴിയോ 8547616018,9446538900 എന്ന വാട്‌സ് ആപ്പ് വഴിയോ ഫോട്ടോ സഹിതം വിവരങ്ങള്‍ നല്‍കാം.കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിലായി ബുധനാഴ്ച വൈദ്യുതി മുടങ്ങും.

 • രാവിലെ ഏഴ് മുതല്‍ രണ്ട് വരെ: മത്തത്ത് പാലം, മൂസപ്പാലം, ചെമ്മച്ചേരി, മണിയാട്ട് മുക്ക്, ബാലവാടി, എക്‌സ്‌ചേഞ്ച്, വൈക്കിലശ്ശേരി തെരു, വള്ളിക്കാട്. 
 • രാവിലെ ഏഴ് മുതല്‍ മൂന്ന് വരെ: കീത്താടി, അവങ്ങോട്ടുമല, കുറുമ്പൊയില്‍, ചള്ളിവയല്‍, കാവില്‍, മേമുണ്ട.
 • രാവിലെ ഏഴ് മുതല്‍ നാല് വരെ: അടുവാട്, കുതിരാടം, മുക്കില്‍, എരഞ്ഞിത്താഴം, പള്ളിയോള്‍, പൈപ്പ് ലൈന്‍, സൗത്ത് അരയന്‍കോട്. 
 • രാവിലെ എട്ട് മുതല്‍ അഞ്ച് വരെ: സൗത്ത് കപ്പക്കല്‍, ജെയ്‌സല്‍, നാടഞ്ചേരി , ചക്കുംകടവ്, നമ്പിവീട്, നമ്പിവീട് സ്‌കൂള്‍, അയ്യങ്കാര്‍ റോഡ്, എസ്റ്റേറ്റ് മുക്ക്, പത്തൊമ്പതാം മൈല്‍, വള്ളില്‍വയല്‍, കരിങ്കാളിമ്മല്‍, വാകേരി, ശാന്തി നഗര്‍, രാജഗിരി, മൊകായി, ഉമ്മിണിക്കുന്ന്, ഓടക്കാളി, എം.എം. പറമ്പ്, തെച്ചി. 
 • രാവിലെ 8.30 മുതല്‍ അഞ്ച് വരെ: മടവൂര്‍ മുക്ക്, കാവിലുമ്മാരം കച്ചേരിമുക്ക്, കിഴക്കോത്ത്, വടക്കേ തൊടുക, പരപ്പാറ.
 • രാവിലെ ഒമ്പത് മുതല്‍ നാല് വരെ: ശാരദാ മന്ദിരം, കുണ്ടായിത്തോട്, കാവല്ലൂര്‍, സ്രാമ്പിയ, പാലാച്ചിപ്പാലം, കോട്ടലട, കരുണ, ചെറുവണ്ണൂര്‍ ടൗണ്‍. 
 • രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ: പ്രസന്റേഷന്‍ സ്‌കൂള്‍ പരിസരം.
 • ഉച്ചക്ക് ഒന്ന് മുതല്‍ അഞ്ച് വരെ: ചന്ത ക്കടവ്, കോട്ടപ്പാടം, ചുങ്കം, പേട്ട, ചന്ത ആസ്​പത്രി പരിസരം, കുരിയങ്ങര, കല്ലുവളപ്പ്, പെരുമുഖം, കുമാരസ്വാമി, മാക്കാടത്ത്, അമ്പലത്ത് കുളങ്ങര, എ.കെ.കെ.ആര്‍. സ്‌കൂള്‍ പരിസരം, 7/6, നൂഞ്ഞോടിത്താഴം, ഞാറക്കാത്ത് കോള നിപരിസരംകോഴിക്കോട്:ജനകീയ കൂട്ടായ്മയിൽ പേരാമ്പ്ര ടൗണിൽ സിസിടിവി സ്ഥാപിക്കുന്നു. 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഫണ്ട് സമാഹരണം ഇന്ന് 5ന് പേരാമ്പ്ര ഹൈസ്കൂൾ റോഡ് ജംക്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക ട്രസ്റ്റ് അധ്യക്ഷ കെ.എം. റീന, ജനറൽ കൺവീനർ എ.കെ. തറുവയി ഹാജി എന്നിവർ അറിയിച്ചു.

കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ കല്ലോട് മുതൽ കൈതക്കൽ സ്റ്റീൽ ഇന്ത്യ വരെയൂം ചെമ്പ്ര റോഡിൽ സിൽവർ കോളജ് ജംക്‌ഷൻ വരെയുമാണ് സ്ഥാപിക്കുക. വടകര റോഡിൽ ഹൈസ്കൂൾ റോഡ് ജംക്‌ഷൻ വരെയും കോടതി റോഡിലും മറ്റ് പ്രധാന സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. അൻപതോളം വിവിധ തരത്തിലുള്ള ക്യാമറകളാണ് സ്ഥാപിക്കുക.

പേരാമ്പ്ര സിഐയുടെ നേതൃത്വത്തിൽ പൊലീസിനായിരിക്കും സംവിധാനത്തിന്റെ നിയന്ത്രണം. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റാണ് മെയിന്റനൻസ് അടക്കമുള്ള ചുമതല നിർവഹിക്കുന്നത്. സ്വരൂപിക്കുന്ന പണം ബാങ്ക് അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്യുക. ടൗണിലെ സാമൂഹിക വിരുദ്ധ ശല്യത്തിനറുതി വരുത്തുന്നതിനാണ് നഗരം ക്യാമറാ നിരീക്ഷണ പരിധിയിൽ കൊണ്ടുവരുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ഡോ. കെ. രാജൻ അടിയോടി, കെ. വത്സരാജ്, പി. ബാലൻ അടിയോടി, പുതുക്കുടി അബ്ദുറഹിമാൻ, എൻ.പി. വിധു എന്നിവരും പങ്കെടുത്തു.കോഴിക്കോട്:കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽ സ്ത്രീകൾക്കുവേണ്ടി ഗാർമെന്റ് വ്യവസായ യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. കിനാലൂരിൽ മാതൃകാ വ്യവസായ കെട്ടിട സമുച്ചയത്തിന്റേയും വ്യവസായ പാർക്കിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കു വേണ്ടി വ്യവസായ വകുപ്പ് ഒരു നയം പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഉൽപന്നങ്ങളുൾപ്പെടെ ഉപയോഗിച്ച് സംരംഭങ്ങൾ ആരംഭിച്ചാൽ കൃഷിക്കാരനേയും ചെറുകിടക്കാരനേയും സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 14 കോടി രൂപ ചെലവിലാണ് 60,000 സ്ക്വയർഫീറ്റ് വരുന്ന മാതൃകാ വ്യവസായ സമുച്ചയം നിർമിച്ചത്.

70 ഏക്കറിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് രണ്ടാം ഘട്ട വികസനം നടപ്പാക്കുന്നത്. ഇതിനു 30 കോടി രൂപയാണ് മുടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, നജീബ് കാന്തപുരം, കെ. അഹമ്മദ്കോയ, പി.കെ.നാസർ, പി.കെ. ഷൈനി, ഇ.വി. അബ്ദുൽ ലത്തീഫ്, കെ.കെ. കൃഷ്ണകുമാർ, സൈമൺ സക്കറിയ, പി.പി. മുസമ്മിൽ, ഇസ്മായിൽ കുറുമ്പൊയിൽ, ടി.എം. ശശി, കോട്ടയിൽ മുഹമ്മദ്, കോളോറ ശ്രീധരൻ, അബ്ദുൽ സലാം, ഷാനവാസ്, രാജേഷ് കായണ്ണ, കെഎസ്ഐഡിസി എംഡി ഡോ. എം. ബീന, ജനറൽ മാനേജർ കെ.ജി. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്:ജയമെന്ന ലക്ഷ്യവുമായി ഗോകുലം കേരള എഫ്സിയും ആദ്യപോയിന്റിൽ കണ്ണുവച്ച് നെറോക എഫ്സിയും ഇന്നു കളത്തിലിറങ്ങും. ഐലീഗിൽ ഗോകുലത്തിന്റെ രണ്ടാം ഹോംമാച്ചാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ. കാണികൾക്കു പ്രവേശനം സൗജന്യം. ഉച്ചവെയിലിന്റെ ചൂടിന് കോഴിക്കോടിന്റെ ആവേശം കുറയ്ക്കാനാകില്ല എന്നുവിശ്വസിച്ചാണ് ഗോകുലം താരങ്ങൾ ഇറങ്ങുന്നത്.

ഇന്ന് കൂടുതൽ കേരളതാരങ്ങൾ കളിക്കുമെന്നാണ് കോച്ച് ബിനോ ജോർജ് പറഞ്ഞത്. വിദേശതാരങ്ങളുടെ പരുക്ക് ടീമിനുഭീഷണിയാണെങ്കിലും സ്വന്തം കാണികളുടെ മുന്നിൽ ടീം മികച്ച പ്രകടനം നടത്തുമെന്നാണു വിശ്വാസമെന്നും പറഞ്ഞു. സിറിയൻ താരമായ മിഡ്ഫീൽഡർ ഖാലിദ് അൽസലേഹിന്റെ പ്രകടനമായിരിക്കും ആരാധകർ കാത്തിരിക്കുന്നത്. അതേസമയം, കരുത്തരായ മിനർവയോട് പൊരുതിത്തോറ്റ നെറോകയുടെ താരങ്ങളും ജയിക്കണമെന്ന വാശിയിലാണ്.

കോഴിക്കോട്ടുവച്ച് അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയാണ് കോച്ച് ഗിഫ്റ്റ് റയ്ഖനും പങ്കുവച്ചത്. രണ്ട് ദേശീയ താരങ്ങളടങ്ങിയ ടീമാണ് നെറോക. അഞ്ചുവിദേശതാരങ്ങളും കളിക്കും. ഐലീഗിൽ ആദ്യമാണെങ്കിലും മണിപ്പൂരിലെ സെക്കൻഡ് ഡിവിഷൻ ലീഗ് ചാംപ്യൻമാരായ നെറോകയ്ക്ക് 52 വർഷത്തെ ചരിത്രമുണ്ട്. കേരളത്തിൽ കളിച്ചുപരിചയമുള്ള താരങ്ങളും ടീമിലുണ്ട്.


കോഴിക്കോട്:ജനുവരി ഒന്നു മുതൽ പൂർണമായ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ കിഴക്കോത്ത് പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിലെ രാഷ്ട്രീയ സാമുഹിക, സാംസ്കാരിക, മത, വ്യാപാര മേഖലകളിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പഞ്ചായത്ത് ഈ തീരുമാനമെടുത്തത്. ജനുവരി ഒന്നിന് മുൻപായി വീടുകളിലും പരിസരങ്ങളിലുമുള്ള അജൈവ മാലിന്യങ്ങൾ പഞ്ചായത്ത് ശേഖരിക്കും. കുടുംബശ്രീ മുഖേന നിർമിക്കുന്ന തുണി സഞ്ചികൾ കടകളിൽ വിതരണം ചെയ്യും.

നിലവിലുള്ള പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഹരിത കർമസേനയെ ഉപയോഗപ്പെടുത്തും. ജനുവരി ഒന്നിന് ശേഷം കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കാൻ പാടില്ല. ഫ്ലെക്‌സ് ബോർഡുകളും പൂർണമായും നിരോധിച്ചു. തീരുമാനം അംഗീകരിക്കാത്തവരുടെ പേരിൽ ആവശ്യമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് എൻ.സി.ഉസ്സയിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യു.പി.നഫീസ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.കെ.ജബ്ബാർ,

വികസന സ്ഥിരം സമിതി ചെയർമാൻ വി എം മനോജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.ടി.വനജ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.ഡി.അബ്ദുറഹിമാൻ കുട്ടി, അഷ്റഫ് മുത്തേടത്ത്, എ.കെ.മൂസ്സ, പ്രഭാകരൻ കണ്ണാളി, കെ.ശ്രീധരൻ, കെ.അബ്ദുറഹിമാൻ കുട്ടി, കെ.കണ്ടൻകുട്ടി, കെ.ജയരാജൻ, അബ്ദുൽ ജലീൽ, സുലൈമാൻ , രാജലക്ഷ്മണൻ, ടി.നാസർ, വി.നസീർ, കെ.കെ.ശ്രീധരൻ, കെ.ബാലകൃഷ്ണൻ, പി.രാമചന്ദ്രൻ പ്രസംഗിച്ചു.കോഴിക്കോട്:പുതിയപാലത്തെ അപകട ഭീഷണി നേരിടുന്ന പാലത്തിലൂടെയുളള വാഹന ഗതാഗതം ഒൻപതു മുതൽ നിരോധിക്കാൻ കലക്‌ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. കാൽ നടയാത്രയും പരിമിതപ്പെടുത്തും. കൂട്ടത്തോടെ നടക്കുന്നതും നിയന്ത്രിക്കും.

പാലം അത്യധികം അപകടനിലയിലാണെന്ന ജലസേചനവകുപ്പിന്റെയും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. പാലത്തിന്റെ രണ്ടു ഭാഗത്തേയും റാംബുകൾ ഒഴിവാക്കി പടികൾ കെട്ടാനും തീരുമാനിച്ചു. ഇതിന്റെ പ്രവൃത്തി രണ്ടു ദിവസത്തിനകം നടക്കും.

പാലത്തിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാനും കലക്‌ടർ നിർദേശം നൽകി. ഇവിടെ താൽക്കാലിക പാലം ജനകീയമായി നിർമിക്കുന്നതിനെകുറിച്ച് ആലോചിക്കാൻ 12ന് ആറിന് വ്യാപാര ഭവനിൽ യോഗം ചേരും. താൽക്കാലിക പാലം ജനകീയ കൂട്ടായ്‌മയിലൂടെ നിർമിക്കാൻ നാട്ടുകാർ മുന്നോട്ടു വന്നിരുന്നു. ഇതുസംബന്ധിച്ചു വിശദമായി ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേർക്കുന്നത്. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്‌ടർ പി.പി. കൃഷ്‌ണൻകുട്ടി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ പി. അജിത്‌കുമാർ എന്നിവർ പങ്കെടുത്തു.
കോഴിക്കോട്:ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അത്തോളി പഞ്ചായത്തും പ്ലാസ്റ്റിക് വിമുക്ത ഗ്രാമപഞ്ചായത്താവുന്നു. പഞ്ചായത്ത് ബോർഡ് തീരുമാനമെടുത്തിരുന്നുവെങ്കിലും അത്തോളിയിൽ പ്ലാസ്റ്റിക് സഞ്ചികൾ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും അങ്ങാടിയും പരിസര പ്രദേശവും പ്ലാസ്റ്റിക് മാലിന്യകേന്ദ്രമായി മാറുന്ന വാർത്ത മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന്റെയടിസ്ഥാനത്തിൽ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ പ്രത്യേക യോഗം ഇന്ന് വൈകിട്ട് നാലിന് പഞ്ചായത്ത് ഓഫിസിൽ ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു.കോഴിക്കോട്:ബാലുശേരി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബാലുശേരി മുക്കിലെ റോഡിന്റെ ശോച്യാവസ്ഥയാണ് നിലവിൽ കുരുക്ക് സങ്കീർണമാക്കിയത്. മെയിൻ റോഡിൽ രാത്രി വൈകും വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. അറപ്പീടിക മുതൽ ബ്ലോക്ക് റോഡ് ജംക്‌ഷൻ വരെയാണ് വാഹനങ്ങളുടെ നിര നീളുന്നത്.

കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ പലപ്പോഴും കൈരളി റോഡിലൂടെയാണ് പോകുന്നത്. രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ വരെ കുരുക്കിൽ പെടുന്നു. ബൈപാസ് നിർമാണത്തിന്റെ പ്രാഥമിക നടപടികൾ പോലും തുടങ്ങാനായിട്ടില്ല. ടൗണിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി വേണമെന്ന് ജെഡിയു നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ബൈപാസ് നിർമാണത്തിന് സത്വര നടപടികൾ വേണം. എൻ.നാരായണൻ കിടാവ് അധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട്, സുജ ബാലുശേരി, സന്തോഷ് കുറുമ്പൊയിൽ, പി.കെ.ബാലൻ, കെ.പി.കുഞ്ഞായി, കൃഷ്ണൻകുട്ടിക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.

ആശു​പത്രിമാലിന്യ പ്ലാന്റിനെതിരേ കിനാലൂരില്‍ നടന്ന പ്രകടനം  


കോഴിക്കോട്: കിനാലൂര്‍ വ്യവസായ കേന്ദ്രത്തിനടുത്ത് ആസ്​പത്രിമാലിന്യ പ്ലാന്റ് നിര്‍മാണത്തിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വന്‍പോലീസ് സന്നാഹത്തോടെയായിരുന്നു പ്ലാന്റ് നിര്‍മാണക്കമ്പനി കിനാലൂരിലെത്തിയത് . വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നിര്‍മാണം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തു. കമ്പനി അധികൃതര്‍ സമരനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ആസ്​പത്രിമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍മസമിതി പ്രവര്‍ത്തകര്‍. അഞ്ച് ജില്ലകളില്‍ നിന്നുള്ള ആസ്​പത്രിമാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റാണ് കിനാലൂര്‍ വ്യവസായകേന്ദ്രത്തില്‍ നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം വ്യവസായവകുപ്പ് നേരത്തേ അനുവദിച്ചിരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കുകയാണുണ്ടായത്. കര്‍മസമിതിയുടെ നേതൃത്വത്തില്‍ കിനാലൂരില്‍പ്ലാന്റിനെതിരേ പ്രതിഷേധപ്രകടനം നടത്തി. വിവിധ കക്ഷിനേതാക്കളായ ഇസ്മയില്‍ കുറുമ്പൊയില്‍. ബഷീര്‍ കിനാലൂര്‍, ടി.വി. പ്രജീഷ്, തങ്കപ്പന്‍, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

മാസ്റ്റർ പ്ലാനിലെ നിർദിഷ്ട ഔട്ടർ റിങ് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ നടത്തിയ നഗരസഭാ ഓഫിസ് മാർച്ച്


കോഴിക്കോട്:വടകര നഗരസഭ മാസ്റ്റർ പ്ലാനിലെ പദ്ധതികൾക്കെതിരെ പ്രതിഷേധം വ്യാപകമായി. ഔട്ടർ റിങ് റോഡിനെതിരെ നാടെങ്ങും കർമ സമിതികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നു വരുമ്പോൾ മറ്റു പദ്ധതിക‍ൾക്കെതിരായും പ്രതിഷേധമുയരുകയാണ്. നാരായണ നഗർ മൈതാനത്തോടു ചേർന്നുള്ള 24–ാം വാ‍ർഡിൽ സ്റ്റേഡിയം, ബസ്‌സ്റ്റാൻഡ് എന്നീ പദ്ധതികൾ നിർദേശിക്കപ്പെട്ടതാണ് പ്രശ്നത്തിനു കാരണം. ഇവിടെ താമസിക്കുന്നവർ നേരത്തേ സ്റ്റേഡിയത്തിനും പച്ചക്കറി മാർക്കറ്റ്, ഹൗസിങ് കോളനി തുടങ്ങിയ പദ്ധതികൾക്കും ഭൂമി വിട്ടു കൊടുത്തവരാണ്.

ഇതിനു പുറമെ വീണ്ടും ഇവിടെ പദ്ധതികൾ നടപ്പാക്കുന്നതിനെതിരെ നാട്ടുകാർ കർമ സമിതിയുണ്ടാക്കി. രമേശൻ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ, മാണിക്കോത്ത് വിജയൻ, കൊയിലോത്ത് വിനോജ്, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർ ഗോപാലകൃഷ്ണൻ മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. മാസ്റ്റർ പ്ലാൻ പ്രകാരം നഗരത്തിലെ ചീരാംവീട്ടിൽ പീടിക റോഡിലെ മൂന്നു റോഡുകൾ വീതി കൂട്ടുന്നതിനെതിരെ പ്രദേശവാസികൾ സമരത്തിനൊരുങ്ങുകയാണ്.

ഇവിടെയുള്ള ഒരു റോഡ് പന്ത്രണ്ട് മീറ്ററായും മറ്റൊന്ന് പത്തു മീറ്ററായും വികസിപ്പിക്കാനാണ് തീരുമാനം. ഇതു നടപ്പാക്കിയാൽ നാൽപ്പത്തി രണ്ടു കുടുംബത്തിന് വീടും മൂന്നു കടയും മൂന്നു കിണറും നഷ്ടപ്പെടും. ഇതു നടപ്പാക്കരുതെന്ന് കർമ സമിതി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ റിങ് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് അറക്കിലാട് താഴ്‍വാരം റസിഡന്റ്സ് അസോസിയേഷനും മാക്കൂൽ പീടികയിലെ മാക്കൂൽ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.കോഴിക്കോട്:കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പിൽ ഗെയിൽ സർവേ നടപടികൾ പൂർത്തീകരിച്ചു. നേരത്തേ ആരംഭിച്ചിരുന്ന സ‍ർവേ, മന്ത്രി എ.സി. മൊയ്തീന്റെയും കലക്ടർ യു.വി. ജോസിന്റെയും നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗ തീരുമാന പ്രകാരമാണ് പുതിയ സർവേ നടപടികൾ പൂർത്തീകരിച്ചത്. അലൈൻമെന്റ്ൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൂടുതൽ നഷ്ടം ഒഴിവാക്കാനാവുമെന്ന സർവകക്ഷി യോഗ തീരുമാന പ്രകാരമായിരുന്നു സർവേ. കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെടുന്ന പ്രദേശമാണ് സർക്കാർപറമ്പ് മേഖല. കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ നേരത്തേ സർക്കാർ പറമ്പ് മേഖലകളിൽ സന്ദർശിച്ചിരുന്നു.

ഒരേ സർവേ നമ്പറിൽപ്പെട്ട സ്ഥലങ്ങളിൽ പദ്ധതിക്ക് ആവശ്യമായ 20 മീറ്റർ എന്നത് വീടുകളും മത സ്ഥാപനങ്ങളും കിണറുകളും സംരക്ഷിക്കുന്നതിനായി അഞ്ച് മീറ്റർ മാത്രമാണ് സർവേ നടത്തി ഏറ്റെടുക്കുന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ പദ്ധതി പ്രദേശത്തും കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പ് ഒഴികെയുളള സ്ഥലങ്ങളിലും നേരത്തേ സർവേ നടപടികൾ പൂർത്തീകരിച്ച് പൈപ്പ് സ്ഥാപിക്കൽ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. മുക്കം നഗരസഭയിലും സർവേ നടപടികൾ പൂർത്തീകരിച്ചിരിക്കയാണ്. എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ക്ലാസുകളുടെ അടിസ്ഥാനത്തിൽ വീടുകൾ കയറിയുള്ള ബോധവൽക്കരണവും ഗെയിൽ വിഷയത്തിൽ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നടത്തിയിരുന്നു.

കോഴിക്കോട്: വ്യാഴാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. 

 • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: അറമുക്ക്, ചമല്‍, കാരപ്പറ്റ, കേളന്‍മൂല, കട്ടിപ്പാറ. 
 • രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ: ചിന്താവളപ്പ്, അശ്വനി പരിസരം. 
 • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: പാറക്കുളം, ചെറുകാട് കുന്ന്, പുത്തൂര്‍മഠം, ഇല്ലത്തുതാഴം, അമ്പിലോളി, ഇളമനപ്പാടം. 
 • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: ഒഴയാടി. 
 • രാവിലെ 9 മുതല്‍ 2 വരെ: നരിക്കൂട്ടുംചാല്‍, ചക്കമുക്ക്, കുളങ്ങരത്താഴെ, കുറ്റിയാടി ടൗണ്‍, പന്നിവയല്‍, കടേക്കംചാല്‍, കൂളിക്കുന്ന്, പെരുവയല്‍, വലകെട്ട്, നൊട്ടിക്കണ്ടി, ഊരത്ത്. 
 • രാവിലെ 9 മുതല്‍ 5 വരെ: കടുക്കബസാര്‍, കപ്പലങ്ങാടി, വലിയാന്‍, വാക്കടവ്, കടലുണ്ടിക്കടവ്, ചെമ്പൈത്തോട്. 
 • രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ: ശാരദ മന്ദിരം, കുണ്ടായിത്തോട്, കാവല്ലൂര്‍, സ്രാമ്പ്യ, പാലാറ്റിപ്പാടം, കോട്ടലാട, കരുണ, ചെറുവണ്ണൂര്‍. 
 • രാവിലെ10 മുതല്‍ 5 വരെ: എടവലത്ത്, നെച്ചിക്കാട്ട്കടവ്, പോളിപ്പെറ്റ്, ഊര്‍ക്കടവ്. 
 • രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ: കുറ്റിക്കാട്ടൂര്‍ സബ്‌സ്റ്റേഷനിലെ കോയെന്‍കോ ഫീഡര്‍. 
 • ഉച്ചയ്ക്ക് 12 മുതല്‍ 5 വരെ: കോട്ടക്കടവ്, പേടിയാട്ട്കുന്ന്, ബാലാതുരുത്തി, മങ്ങാട്ട്കുളം, മണ്ണൂര്‍ വളവ്.

നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് പദ്ധതിക്ക് സർവേ നടത്തി സർവേക്കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ
കോഴിക്കോട്: നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് റോഡിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥ സംഘ ത്തെ തടഞ്ഞ ബൈപാസ് വിരുദ്ധ കർമസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ചെങ്ങോട്ടുകാവിൽ സർവേയുമായി ബന്ധപ്പെട്ട് എത്തിയ എൽഎ ഡെപ്യൂട്ടി കലക്ടർ വി.ആർ. മോഹനൻപിള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ കർമസമിതി പ്രവർത്തകർ തടയുകയായിരുന്നു.

തുടർന്ന് പൊലീസ്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വിട്ടയച്ചു. കർമ സമിതി ഭാരവാഹികളായ രാമദാസ് തൈക്കണ്ടി, പി.വി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. തഹസിൽദാർ എം. റംല, ഡിവൈഎസ്പി ടി.പി. പ്രേമരാജൻ, എസ്ഐമാരായ സുമിത്കുമാർ, ബാബു രാജൻ, അശോകൻ ചാലിൽ, രവീന്ദ്രൻ കൊമ്പിലാടി എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിച്ചു.

നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ 11 കിലോമീറ്റർ ഭൂമിയാണ് 45 മീറ്റർവരുന്ന ബൈപാസ് റോഡിനായി ഏറ്റെടുക്കുന്നത്. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം വന്നതോടെ നിർദിഷ്ട ഭൂമിയിൽ പ്രവേശിക്കാനും സർവേ നടത്താനും നിയമപരമായി ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും ഇത് തടഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി എടുക്കാന്‍ സർക്കാർ നിർദേശമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം 2000 കുടുംബങ്ങളെ വഴിയാധാരമാക്കുകയും ഒട്ടേറെ കുന്നുകളും ഏക്കർ കണക്കിനു നെൽവയലുകളും കാവുകളും ജലാശയങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ബൈപാസ് റോഡ് നിർമാണം സർക്കാർ ഉപേക്ഷിക്കണമെന്നാണ് കർമസമിതി ആവശ്യപ്പെടുന്നത്.

 കോഴിക്കോട് നഗരത്തിൽ കുടുങ്ങിയ ലക്ഷദ്വീപ് യാത്രക്കാർ ബേപ്പൂരിലെ ദ്വീപ് തുറമുഖ ഓഫിസിനു മുൻപിൽ നടത്തിയ ഉപരോധം.
കോഴിക്കോട്:ചുഴലിക്കാറ്റു മൂലം കപ്പൽ റദ്ദാക്കിയതിനെ തുടർന്നു നഗരത്തിൽ കുടുങ്ങിയവർക്കു സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ചു ലക്ഷദ്വീപ് യാത്രക്കാർ ദ്വീപ് തുറമുഖ ഓഫിസ് ഉപരോധിച്ചു. യാത്ര മുടങ്ങി അഞ്ചു ദിവസം പിന്നിട്ടിട്ടും ലക്ഷദ്വീപ് ഭരണകൂടം ഒരു ഇടപെടലും നടത്താതിരുന്നതാണ് പ്രതിഷേധത്തിനു വഴിവച്ചത്.

കഴിഞ്ഞ 30നു വൈകിട്ട് ബേപ്പൂരിൽനിന്നു പുറപ്പെടേണ്ടിയിരുന്ന എംവി മിനിക്കോയ് കപ്പലിൽ ടിക്കറ്റെടുത്ത യാത്രക്കാരാണ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയത്. കപ്പൽ മുടങ്ങിയതിനാൽ നഗരത്തിലെ വിവിധ ലോഡ്ജുകളിലാണ് ദ്വീപ് നിവാസികൾ കഴിയുന്നത്.ദിവസം 600 രൂപ വരെ വാടക നൽകി കഴിയുന്നവർക്കു ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ് അനുവദിക്കാത്തതും യാത്രക്കാരെ രോഷാകുലരാക്കി.

നിയമപ്രകാരമുള്ള ആശ്വാസ സഹായമായി ദിവസം 150 രൂപ ദ്വീപ് അധികൃതർ അനുവദിക്കുന്നുണ്ട്. എന്നാൽ മിക്ക യാത്രക്കാരും തുക വാങ്ങാൻ തയാറായില്ല. കുടുംബസമേതം എത്തിയ ഓരോരുത്തർക്കും യാത്ര അനിശ്ചിതമായി നീളുന്നതിനാൽ ഭാരിച്ച സാമ്പത്തിക ചെലവു വരുന്നതായി പ്രതിഷേധത്തിനു നേതൃത്വം നൽകിയ സി.പി. സബൂർ ഹുസൈൻ പറഞ്ഞു.

ദ്വീപ് പോർട്ട് അസിസ്റ്റന്റ് യു. കുഞ്ഞിക്കോയയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ ലക്ഷദ്വീപ് കോ–ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫിസിലെത്തി എംഡി സ്വാമിയകേതു മിശ്രയെ ഉപരോധിച്ചു. പ്രതിഷേധം തുടർന്നപ്പോൾ വി.കെ.സി. മമ്മദ്കോയ എംഎൽഎ സ്ഥലത്തെത്തി. കലക്ടർ യു.വി. ജോസുമായി ബന്ധപ്പെട്ടു ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ് തുറന്നു നൽകാമെന്ന് ഉറപ്പു നൽകി. തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചു യാത്രക്കാർ മടങ്ങിയത്.


കോഴിക്കോട്:തീരദേശ ഹൈവേ വികസനത്തിന്റെ ഭാഗമായി ഫ്രാൻസിസ് റോഡ് ജംക്‌ഷൻ മുതൽ പുതിയാപ്പവരെയുള്ള ബീച്ച് റോഡ് ആദ്യം നവീകരിക്കാൻ പദ്ധതി. തീരദേശ ഹൈവേയുടെ വീതി സംബന്ധിച്ചു തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നിലവിൽ 17 മുതൽ 21 മീറ്റർവരെ വീതിയുള്ള ബീച്ച് റോഡിന്റെ ഭാഗം നവീകരിക്കാൻ പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം സർക്കാരിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. ഹൈവേയുടെ വീതി എട്ടുമീറ്ററായി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് 12 മീറ്റർ വേണമെന്ന നിർദേശമുയർന്നതോടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിക്കുന്നതു വൈകുകയാണ്.

ഈ സാഹചര്യത്തിൽ ആവശ്യത്തിനു സ്ഥലം ലഭ്യമായ ഭാഗമെന്ന നിലയിലാണ് ഈ ഭാഗം നവീകരിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ രണ്ടാഴ്ചകൊണ്ട് ഇൻവെസ്റ്റിഗേഷൻ നടത്താമെന്നും ഡിപിആർ തയാറാക്കി പ്രവൃത്തി ടെൻഡർ ചെയ്യാമെന്നും ദേശീയപാതാ വിഭാഗം അറിയിച്ചു. ഒൻപതര കിലോമീറ്റർ വരുന്ന റോഡ് ബിഎം ബിസി ചെയ്യുക, നടപ്പാത നവീകരിക്കുക, കൈവരി സ്ഥാപിക്കുക, കൂടുതൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുക, സൈൻബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ജോലികളാണു ചെയ്യുക.

തീരദേശ ഹൈവേയിൽ സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലാത്ത 11 കിലോമീറ്റർ വരുന്ന വെങ്ങളം – കാപ്പാട്– കൊയിലാണ്ടി ഹാർബർ റോഡും 4.5 കിലോമീറ്റർ വരുന്ന കടലുണ്ടി – ചാലിയം– കരുവൻതിരുത്തി റോഡുമാണ് ആദ്യം വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇവയുടെ ഡിപിആറുകളും സർക്കാരിനു സമർപ്പിച്ചിരുന്നു. വീതിയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സാങ്കേതികാനുമതി ലഭിച്ചിട്ടില്ല.


കോഴിക്കോട്:ആരാധകർ ഹൃദയം തന്നാൽ വിജയം തിരിച്ചുതരാമെന്ന് ഉറപ്പുപറഞ്ഞ് ഗോകുലം കേരള എഫ്സി ഇന്നിറങ്ങുന്നു. ഐ ലീഗിലെ ആദ്യ ഹോം മാച്ചിൽ ചെന്നൈ സിറ്റി എഫ്സിയെയാണു നേരിടുന്നത്. കോർപറേഷൻ സ്റ്റേഡിയത്തിൽ മൽസരം രാത്രി എട്ടിനുതുടങ്ങും. 50 രൂപയുടെ ടിക്കറ്റുകൾ കെഡിഎഫ്എ ഓഫിസിലും സ്റ്റേഡിയത്തിലെ കൗണ്ടറുകളിലും രാവിലെ 10 മുതൽ വിതരണം ചെയ്യും. ഇരുടീമിലും വിദേശതാരങ്ങളും പോരാട്ടത്തിനിറങ്ങുന്നുവെന്നത് ആവേശം വർധിപ്പിക്കുന്നുണ്ട്. .

ഗോകുലം കേരളയിൽ അഫ്ഗാനിസ്ഥാൻ, ഘാന, നൈജീരിയ, കാമറൂൺ, കോംഗോ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീരാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണെത്തിയിരിക്കുന്നത്. ഒരുകളിയിൽ ടീമിൽ അഞ്ചുവിദേശികൾ വരെയാകാം. ചെന്നൈ ടീമിൽ ഫ്രഞ്ച്, ബ്രസീൽ താരങ്ങളുമുണ്ട്. ആദ്യമൽസരങ്ങളിൽ പരാജയപ്പെട്ട ഗോകുലവും ചെന്നൈയും ഇനിയും പോയിന്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള കഠിന പ്രയത്നമായിരിക്കും നടത്തുക.

പുതിയ ടീമായ ഗോകുലത്തിന്റെ താരങ്ങളുടെ പരിചയക്കുറവ് പരിഹരിക്കാനും ആദ്യകളികൾ പ്രയോജനപ്പെടുത്തണം. ആദ്യകളിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മികച്ചുനിന്ന ഗോകുലം ടീം പക്ഷേ, അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു.  ഈ കുറവു നികത്താനായിരിക്കും ടീമിന്റെ പരിശ്രമം.

ഷില്ലോങ്ങിൽ ലജോങ്ങുമായുള്ള കളിയിൽ കടുത്തതണുപ്പായിരുന്നു ഗോകുലത്തിന്റെ വെല്ലുവിളിയെങ്കിൽ കോഴിക്കോട്ടെത്തിയ ചെന്നൈ ടീമിന് കാലാവസ്ഥ ഒരു ഭീഷണിയല്ല. ചെറുപ്പക്കാരായ താരങ്ങളുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ഇതോടൊപ്പം കഴിഞ്ഞ ഐ ലീഗ് കളിച്ച മൂന്നുപേരും ചെന്നൈ ടീമിലുണ്ട്.

വിദ്യാർഥികൾക്കും അക്കാദമികൾക്കും പ്രവേശനം സൗജന്യം

കോഴിക്കോട് ∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഫുട്ബോൾ അക്കാദമി താരങ്ങൾക്കും ഇന്നത്തെ മൽസരം സൗജന്യമായി കാണാൻ അവസരം. സ്കൂൾ, കോളജ് തിരിച്ചറിയൽ കാർഡുകൾ ഗാലറി ഗേറ്റിൽ കാണിച്ചാൽ പ്രവേശനം ലഭിക്കും. കെഡിഎഫ്എയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഫുട്ബോൾ അക്കാദമികളിലെ താരങ്ങൾക്ക് പ്രവേശനം ലഭിക്കാൻ അക്കാദമി ലെറ്റർ ഹെഡിൽ പേരുകളെഴുതി കെഡിഎഫ്എ ഓഫിസിൽ നൽകിയാൽ മതി.

ഗോകുലം ടീം, വിവ കേരളയാകില്ല:കോച്ച് ബിനോ ജോർജ്

കേരളത്തിൽനിന്ന് നേരത്തേ ഐ ലീഗ് കളിച്ച വിവ കേരളയുടെ വിധിയായിരിക്കില്ല ഗോകുലം കേരള എഫ്സിക്കെന്നു കോച്ച് ബിനോ ജോർജ്. വിവ കേരളയ്ക്ക് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. അതിനുനടുവിൽനിന്നാണ് ടീം പരമാവധി പരിശ്രമിച്ചത്. എന്നാൽ ഗോകുലം കേരള വളരെ പ്രഫഷനലായ ടീമാണ്.

മറ്റേതൊരു ടീമിലെയും താരങ്ങളോടു കിടപിടിക്കുന്ന താരങ്ങളെ തന്നെയാണ് ക്ലബ് കളത്തിലിറക്കിയിരിക്കുന്നത്. സമയക്കുറവുമാത്രമാണ് ടീമിന് പ്രതിസന്ധിയുണ്ടാക്കിയത്. അതുമറികടക്കാനാകുമെന്നും  പറഞ്ഞു. വിവ കേരളയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു ബിനോ.


കോഴിക്കോട്‍: ബേപ്പൂര്‍ - ലക്ഷദ്വീപ് യാത്രാക്കപ്പലായ 'എം.വി. മിനിക്കോയ്'യുടെ ചുക്കാന്‍ കേടായതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി കൊച്ചി കപ്പല്‍ശാല നിയോഗിച്ച നീന്തല്‍ വിദഗ്ധര്‍ ബേപ്പൂര്‍ തുറമുഖത്തെത്തി. ലക്ഷദ്വീപുകളില്‍ ഓഖി ചുഴലിക്കാറ്റ് വിശീയതിനാല്‍ കഴിഞ്ഞദിവസം പുറപ്പെടേണ്ടിയിരുന്ന ഈ കപ്പലിന്റെ യാത്ര അധികൃതര്‍ റദ്ദാക്കിയിരുന്നു. കപ്പല്‍ സര്‍വീസ് നിലച്ചതിനാല്‍ അതില്‍ യാത്ര ചെയ്യേണ്ടിയിരുന്ന 102 പേര്‍ ലക്ഷദ്വീപിലെത്താന്‍ കഴിയാതെ കുടുങ്ങി. ഇനി കപ്പലിന്റെ ചുക്കാന്‍ ശരിയായാല്‍ തന്നെ കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കണമെങ്കില്‍ ചുഴലിക്കാറ്റ് നിലയ്ക്കണം. അതോടൊപ്പം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്രാനുമതിയും കപ്പലിന് ലഭിക്കണം.

 കോഴിക്കോട്‍: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് മീന്‍പിടിത്തത്തിന് പോയ ബോട്ടുകള്‍ തിരിച്ചെത്തിത്തുടങ്ങി. ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ട് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും അതിലെ മറുനാടന്‍ മത്സ്യത്തൊഴിലാളികളുമാണ് ബേപ്പൂരില്‍ തിരിച്ചെത്തിയത്. ടിപ്പുസുല്‍ത്താന്‍, ഹജാസ്, ഗോള്‍ഡ്ഫിഷ്, ഹജറ, അര്‍ബ, സിക്ര, അല്‍ത്താസ്, അമ്മാന്‍ എന്നീ ബോട്ടുകളും അതിലെ 120 മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി എത്തി. 15 ദിവസംമുമ്പ് കടലില്‍ മത്സ്യബന്ധനത്തിന് പോയവരും ഇക്കൂട്ടത്തിലുണ്ട്. ഓഖി ചുഴലിക്കാറ്റിനെ അതിജീവിച്ച് മൂന്നുദിവസം തങ്ങള്‍ക്ക് കടലില്‍ നങ്കൂരമിട്ട് കഴിയേണ്ടിവന്നുവെന്ന് 'അല്‍ത്താസ്' ബോട്ടിലെ സ്രാങ്ക് ഡേവിഡ് രാജ് പറഞ്ഞു. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ നൂറോളം ബോട്ടുകളെങ്കിലും ഇനി തിരിച്ചെത്താനുണ്ട്. ഇതില്‍ ഏറിയപങ്കും മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ അഭയംതേടിയതായാണ് വിവരം.


കോഴിക്കോട്:കിനാലൂര്‍ വ്യവസായകേന്ദ്രത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായതോടെ വ്യവസായകേന്ദ്രത്തിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സജീവമായി. കിനാലൂരില്‍ 110 കെ.വി. സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ വ്യവസായകേന്ദ്രത്തിലേക്ക് ആവശ്യമായ വൈദ്യുതി എത്തിയിട്ടുണ്ട്. ജനറേറ്ററുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അലൂമിനിയം ഉപയോഗിച്ച് വിവിധ വസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് വൈദ്യുതിക്ഷാമം പരിഹരിക്കപ്പെട്ടതോടെ കൂടുതല്‍ സജീവമായത്. മുപ്പതോളം ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഇപ്പോള്‍ കിനാലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുതി ആവശ്യത്തിന് ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ വ്യവസായ സംരംഭകര്‍ കിനാലൂരില്‍ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. വ്യവസായ വകുപ്പിന്റെ കീഴില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കൂറ്റന്‍ കെട്ടിടം കിനാലൂരില്‍ പണിതിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. കേരളസര്‍ക്കാരിന്റെ വിമുക്തി കേന്ദ്രവും കിനാലൂരിലാണ് ആരംഭിക്കുന്നത്.
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

 • ഏഴ് മുതല്‍ മൂന്ന് വരെ: നെരൂക്കുംചാല്‍, എലോക്കര, സൗത്ത് ഈങ്ങാപ്പുഴ. 
 • എട്ട് മുതല്‍ അഞ്ച് വരെ: രാജഗിരി, വാകേരി, എം.എം. പറമ്പ്, മൊകായി, ഉമ്മിണിക്കുന്ന്, ഓടക്കാളി. 
 • ഒമ്പത് മുതല്‍ അഞ്ച് വരെ: അമ്പലമുക്ക്, ചുടലമുക്ക്, കരിങ്ങമണ്ണ, കുടുക്കിലുമ്മാരം, പാളയം, വെഴുപ്പൂര്‍, ചുങ്കം, വട്ടക്കിണര്‍, ആര്‍ട്‌സ് കോളേജ്, ഫയര്‍ സ്റ്റേഷന്‍, മണ്ണാടത്ത്, ശക്തി. 
 • 10 മുതല്‍ മൂന്ന് വരെ: മൂന്നാലിങ്ങല്‍, ബീച്ച് ആസ്​പത്രി, സില്‍ക്ക് സ്ട്രീറ്റ്, സീക്വീന്‍ പരിസരം, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം, കോണ്‍വെന്റ് റോഡ്. 
 • 10 മുതല്‍ നാല് വരെ: പറമ്പത്ത്, പൊന്‍മന. 
 • 10 മുതല്‍ അഞ്ച് വരെ: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ മുഴുവനായും 
 • 12 മുതല്‍ അഞ്ച് വരെ: മിഠായി ത്തെരുവ്. ഒന്ന് മുതല്‍ 5.30 വരെ: കോട്ടക്കല്‍, പട്ടിണിക്കര, കളരാന്തിരി, പോര്‍ങ്ങോട്ടൂര്‍. 
 • രണ്ട് മുതല്‍ മൂന്ന് വരെ:nf കെ.പി. കേശവമേനോന്‍ റോഡ്, മദീന ഐസ്. നഗരം വില്ലേജ്, ജയിന്‍ ടെമ്പിള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്.

ഇന്‍ഡിവുഡിന്റെ ബഹുമതി  സൗദി അറേബ്യയിലെ ആരാംകോ കമ്പനി പ്രതിനിധി മുഹമ്മദ് ഇബ്രാഹിം അല്‍ ഖത്താനിയിൽ നിന്നും യു.എല്‍. സൈബര്‍ പാര്‍ക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലെഫ്. കമാന്‍ഡര്‍ എസ്. അരുണ്‍ ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: വേഗത്തില്‍ വളരുന്ന പ്രത്യേക സാമ്പത്തികമേഖലയിലെ ഐ.ടി. പാര്‍ക്കിനുള്ള ഇന്‍ഡിവുഡിന്റെ ബഹുമതി കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കിന്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങില്‍ യു.എല്‍. സൈബര്‍ പാര്‍ക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലെഫ്. കമാന്‍ഡര്‍ എസ്. അരുണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സൗദി അറേബ്യയിലെ ആരാംകോ കമ്പനി പ്രതിനിധി മുഹമ്മദ് ഇബ്രാഹിം അല്‍ ഖത്താനിയാണ് പുരസ്‌കാരം സമ്മാനിച്ചത്. കോഴിക്കോട്: നവജാതശിശുക്കളുടെ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ സംസ്ഥാന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയില്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ സംവിധാനം വരുന്നു. ജനുവരി പകുതിയോടെ ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാവുമെന്ന് ഹൃദ്യം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. ഇ. ബിജോയ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ബുധനാഴ്ച ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെന്റിലേറ്ററുകള്‍, കുട്ടികളുടെ ചൂട് ക്രമീകരിക്കാനുള്ള ഉപകരണം, മോണിറ്റര്‍ എന്നിവയുള്‍പ്പെടെ വാങ്ങാനും
ഐ.സി.യു. നവീകരണത്തിനുമായി ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയില്‍നിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. ഉപകരണങ്ങള്‍ വാങ്ങാന്‍ സംസ്ഥാന മെഡിക്കല്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന കുട്ടികള്‍ക്കുവേണ്ടി മാത്രമായി ആറു സ്റ്റാഫ് നഴ്സുമാരെ നിയമിക്കും. കൂടാതെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക് കാര്‍ഡിയാക് അനസ്തറ്റിസ്റ്റ്, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനം താത്കാലികമായി ഉപയോഗപ്പെടുത്തും. ദേശീയ ആരോഗ്യ മിഷനില്‍ ഉള്‍പ്പെടുത്തി ഇവരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ശസ്ത്രക്രിയാ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അതു കഴിഞ്ഞുള്ള പരിചരണമാണ് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധിയായുള്ളത്. ഇതു മറികടക്കാനാണ് നവീകരണം. എങ്കിലും അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കായി കുട്ടികളുടെ ഹൃദ്രോഗചികിത്സ യൂണിറ്റ് തുടങ്ങണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


 • ആറു ജില്ലകള്‍ക്ക് പ്രയോജനം


ഹൃദ്യം പദ്ധതിയില്‍പ്പെടുത്തുന്ന മലബാര്‍ മേഖലയില്‍നിന്നുള്ള ആദ്യ ആശുപത്രിയാണിത്. അതുകൊണ്ടുതന്നെ പാലക്കാടുമുതല്‍ കാസര്‍കോടുവരെയുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും. നിലവില്‍ വടക്കന്‍ കേരളത്തിലുള്ളവര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ എറണാകുളംവരെ പോകേണ്ടിയിരുന്നു.
നാലുമാസത്തിനിടെ മലബാറില്‍നിന്ന് 181 പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഇതുവരെ നടന്ന 91 ശസ്ത്രക്രിയകള്‍ മധ്യ, തെക്കന്‍ കേരളത്തിലെ ആസ്?പത്രികളിലായിരുന്നു.

 • ഹൃദ്യം പദ്ധതി

18 വയസ്സിനു താഴെയുള്ളവര്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി. ദേശീയ ആരോഗ്യമിഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ശസ്ത്രക്രിയയ്ക്കുള്ള ചെലവുമുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. http://www.hridyam.in എന്ന വെബ്സൈറ്റില്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ചെയ്യാം. കൂടുതല്‍ സംശയങ്ങള്‍ക്ക് ജനറല്‍ ആസ്?പത്രികളിലെ ഡി.ഇ.ഐ.സി.യെ സമീപിക്കാം. (ചിലയിടങ്ങളില്‍ താലൂക്ക് ആശുപത്രികളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്).


 • നിലവില്‍ ഹൃദ്യത്തില്‍ ഉള്‍പ്പെട്ട ആശുപത്രികള്‍


ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി, ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി, ലിസി ആശുപത്രി, കൊച്ചി ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല.


കോഴിക്കോട്:വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കുറ്റ്യാടി ബൈപാസ് റോഡ് യാഥാർഥ്യമാകുന്നു. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് വർഷങ്ങൾക്കു മുൻപ് തുടക്കം കുറിച്ച നിർദിഷ്ട ബൈപാസ് റോഡ് യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തിയതായി പാറക്കൽ അബ്ദുല്ല എംഎൽഎ അറിയിച്ചു.

കുറ്റ്യാടി വലിയ പാലത്തിനടുത്തുനിന്നും തുടങ്ങി കടേക്കച്ചാലിൽ എത്തുന്ന ബൈപാസ് റോഡ് കടന്നു ഭൂമിയുടെ വലിയൊരുഭാഗം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിന്റെ പരിധിയിൽ വരുന്നു എന്നതായിരുന്നു ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമായിരുന്നത്. ഇക്കാര്യം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണസമിതി കഴിഞ്ഞ 24ന് ചേർന്ന യോഗത്തിൽ പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ വെള്ളായനിക്കര ഫോറസ്ട്രി കോളജ് പരിസ്ഥിതി വകുപ്പ് മേധാവി ഡോ. പി.ഒ. നദീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തുകയും ചെയ്തു.

പാറക്കൽ അബ്ദുല്ല എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, വില്ലേജ് ഓഫിസർ കെ. അസ്ക്കർ, കൃഷിഓഫിസർ എൻ.എസ്. അപർണ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.പരിശോധനാ റിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കുന്നതോടെ ഭൂമി തരം മാറ്റൽ നടപടി അവസാനിപ്പിക്കും.

തുടർന്ന് ഭൂമി ഏറ്റെടുക്കൽ നടപടിക്ക് തുടക്കമാകും. ബജറ്റിൽ 20 കോടി രൂപയാണ് ബൈപാസ് റോഡിന് അനുവദിച്ചത്. പത്തു വർഷം മുൻപാണ് കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ബൈപാസ് റോഡ് നിർമാണ നടപടികളുമായി സർക്കാർ മുന്നോട്ടു പോയത്. എന്നാൽ ഭൂമി ഏറ്റെടുത്ത് റോഡ് യാഥാർഥ്യമാക്കാനുള്ള നടപടി നീണ്ടുപോവുകയായിരുന്നു.


കോഴിക്കോട്: രാജ്യത്ത് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് നഗരം ഏഴാം സ്ഥാനത്ത്. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന പത്തൊന്‍പത് മഹാനഗരങ്ങളുടെ പട്ടികയാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ തയ്യാറാക്കിയത്. നവംബര്‍ 30-ന് പ്രസിദ്ധീകരിച്ച 2016-ലെ കുറ്റകൃത്യങ്ങളുടെ വിരങ്ങളടങ്ങിയ 742 പേജുള്ള റിപ്പോര്‍ട്ടില്‍ 93 പേജുകളിലെ പട്ടികയിലും കോഴിക്കോട് ഇടംപിടിച്ചിട്ടുണ്ട്. വിദ്യാര്‍ഥിസംഘട്ടനത്തിന്റെ പട്ടികയിലും കോഴിക്കോട് ഒന്നാം സ്ഥാനത്താണുള്ളത്. ഹൈദരാബാദും കോഴിക്കോടും 14 കേസുകള്‍ വീതം രജിസ്റ്റര്‍ചെയ്ത് ഒന്നാം സ്ഥാനത്തുണ്ട്. മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ പട്ടികയില്‍ കോഴിക്കോട് ദേശീയതലത്തില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 919 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 2015-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 5020 രജിസ്റ്റര്‍ചെയ്ത കേസുകള്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് കുറഞ്ഞിട്ടുണ്ട്. എങ്കിലും രാജ്യത്തെ മഹാനാഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഏഴാമതായി. 17,491 ക്രിമിനലും അല്ലാത്തതുമായ കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇതേ പട്ടികയില്‍ ഒന്നാമതുള്ള കൊച്ചിയില്‍ ഇത് 54,125 ആണ്. ജയ്പുര്‍ നഗരമാണ് ആറാംസ്ഥാനത്തുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് പതിനേഴാം സ്ഥാനത്താണുള്ളത്. 92 ഇത്തരം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ദേശീയതലത്തില്‍ 15-ാം സ്ഥാനത്താണുള്ളത്. 352 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഹാനഗരങ്ങളില്‍ നടന്ന കൊലപാതകക്കേസുകളുടെ പട്ടികയില്‍ പത്തൊന്പതാം സ്ഥാനത്താണുള്ളത്. സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പതിനഞ്ചാം സ്ഥാനത്തും കോഴിക്കോടുണ്ട്. കൂട്ടബലാത്സംഗക്കേസുകളില്‍ 79 കേസുകളുമായി ഡല്‍ഹി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കോഴിക്കോട് നഗരത്തില്‍നിന്നും അത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 52 ബലാത്സംഗക്കേസുകളും ഇവിടെനിന്ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.


കോഴിക്കോട്: നഗരത്തിന്റെ ആവേശം കരുത്തുപകരുമെന്നു വിശ്വസിച്ചു കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി. ഐലീഗ് ഫുട്ബോളിൽ ആദ്യ ഹോംമാച്ചിനു മുന്നോടിയായി കോർപറേഷൻ സ്റ്റേഡിയത്തിൽ ടീം പരിശീലനം തുടങ്ങി. കാണികളുടെ പിന്തുണ ടീമിനുസഹായം ചെയ്യുമെന്ന് ക്യാപ്റ്റൻ സുശാന്ത് മാത്യു പറഞ്ഞു. ആദ്യമൽസരത്തിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്നും വരും മൽസരങ്ങളിൽ കുറവുകളെല്ലാം പരിഹരിക്കുമെന്നും സുശാന്ത് പറഞ്ഞു.

ഐ ലീഗിൽ ആദ്യനാല് സ്ഥാനങ്ങളിൽ ഇടം നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കോച്ച് ബിനോ ജാർജും പറഞ്ഞു. നല്ല കളികൾ കോഴിക്കോട്ടെ കാണികൾ പ്രോൽസാഹിപ്പിക്കുമെന്നും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തു മികച്ചരീതിയിൽ കളിക്കാനാകുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നാലിന് രാത്രി എട്ടുമണിക്കാണ് ചെന്നൈ സിറ്റിയുമായുള്ള കളി. ഷില്ലോങ്ങിൽ ലജോങ് എഫ്സിയുമായുള്ള മൽസരത്തിൽ ടീം ഒരുഗോളിനു തോറ്റിരുന്നു. അടുത്ത കളിയിൽ ടീമിൽ ചിലമാറ്റങ്ങളുണ്ടാകുമെന്നും.


കോഴിക്കോട്: 'ഇന്നലെ രാവിലെയും ഉച്ചയ്ക്കുമുണ്ടായ ചുഴലിക്കാറ്റിൽ മലയോര മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം. വീടുകൾ തകർന്നു. കരിങ്ങാട്, മീൻപറ്റി, പശുക്കടവ് ഭാഗങ്ങളിലാണ് കാറ്റിൽ കൃഷി നാശമുണ്ടായത്. കരിങ്ങാട് പെരിഞ്ചപ്പാട്ട് രഘുദാസന്റെ വീട് തെങ്ങ് വീണ് തകർന്നു. വാഴ,ഗ്രാമ്പൂ, റബർ, തെങ്ങ്, ജാതി ,കമുക്, കൊക്കോ, ഉൾപ്പെടെയുള്ള വിളകളാണ് നശിച്ചത്. വൈദ്യുതി വിതരണവും നിലച്ചു.

കിളിയമ്പ്രായിൽ സെബാസ്റ്റ്യൻ, കല്ലുള്ളതിൽ കുഞ്ഞിരാമൻ, പെരിഞ്ചപ്പാട്ട് രഘുദാസൻ, ചാത്തോത്ത് കേളപ്പൻനായർ, പാലോറ കുന്നുമ്മൽ കുഞ്ഞിരാമൻ എന്നിവരുടെ കൃഷിയാണ് നശിച്ചത്.  പശുക്കടവ് മീൻപറ്റി ഭാഗത്തായി  ചേരുകുളം ഷാജു, മടത്തിശ്ശേരി ബെന്നി, ചാലക്കര ബിനേഷ്, കോങ്ങോട്ട് തങ്കച്ചൻ, ബിജു മടത്തിശ്ശേരി,  ബിജു വരിക്കാമൂട്ടിൽ എന്നിവരുടെ അൻപതിനായിരത്തിലേറെ  വാഴകൾ നിലം പൊത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റിൽ പാമ്പൻകോട് കിഴക്കേക്കര ബിനുവും അഞ്ചുപേരും ചേർന്ന് കൃഷി ചെയ്ത പതിനായിരം  വാഴകൾ നശിച്ചു. മീൻപറ്റിമലയിൽ തൊട്ടിയിൽ ജോസഫ്, കുന്നുംപുറത്ത് ബീന, പ്രകാശൻ, എന്നിവരുടെ വാഴത്തോട്ടവും നശിച്ചു.തൊട്ടിൽപാലം ∙ ഇന്നലെ ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റിൽ മരം വീണ്  പൂതംപാറ പെരുമ്പള്ളിൽ ജോസഫിന്റെ വീടിന്റെ  മേൽക്കൂര ഭാഗികമായി തകർന്നു.
കോഴിക്കോട്:വ്യാവസായിക പരിശീലന വകുപ്പിന്റെ ജില്ലയിലെ ജോബ് ഫെയർ 14ന് കോഴിക്കോട് ഗവ. ഐടിഐയിൽ നടക്കും. താൽപര്യമുള്ള ഐടിഐ പാസായ ട്രെയിനികൾ www.itdjobfair.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. പ്രിന്റൗട്ടുമായി 14നു രാവിലെ ഒൻപതിനു മുൻപ് എത്തണം. ഫോൺ: 0495 2377016.


കോഴിക്കോട്: നിരക്ക് കൂട്ടിയില്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു. മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുമായി സഹകരിച്ച് സമരം നടത്താനും തീരുമാനിച്ചു. ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാധരന്‍, പി. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കൊണിയഞ്ചേരി രാധാകൃഷ്ണന്‍ (പ്രസി.), പി.വി. സുഭാഷ് ബാബു (ജന.സെക്ര.), അബ്ദുള്‍ അസീസ് മടവൂര്‍, എം.ഇ. ഗംഗാധരന്‍, പി.കെ. അബ്ദുള്‍ റഹിമാന്‍ (വൈസ്.പ്രസി.), സി.ഡി. അഭിലാഷ്, ഷെഹീര്‍ ഷംസുദ്ദീന്‍, കെ.എം. സതീഷ് (ജോ.സെക്ര.), കെ.പി. മുഹമ്മദ് (ഖജാ.).


കോഴിക്കോട്: നഗരത്തില്‍ ലൈറ്റ് മെട്രോയും ബസ്സ് സര്‍വീസുമുള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം മുഴുവന്‍ ഒരു ഏജന്‍സിക്കു കീഴിലാക്കാന്‍ ഡി.എം.ആര്‍.സിയുടെ ശുപാര്‍ശ. ലൈറ്റ് മെട്രോയുടെ പുതുക്കിയ പദ്ധതിറിപ്പോര്‍ട്ടിലാണ് കൊച്ചിയിലെ മാതൃകയില്‍ യൂണിഫൈഡ് മെട്രോ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ഉംട)രൂപവത്കരിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ മെട്രോനയത്തിന്റെ ഭാഗമായാണ് ഇതുള്‍പ്പെടുത്തിയത്. സംസ്ഥാനസര്‍ക്കാറിന് ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഒരു വര്‍ഷത്തിനകം ഏജന്‍സി രൂപവത്കരിച്ചേക്കും.

ലൈറ്റ് മെട്രോ ലാഭകരമാക്കാനുള്ള പുതിയ നിര്‍ദേശങ്ങളും ഡി.പി.ആറിലുണ്ട്. അനുബന്ധമായി വരുന്ന വികസനങ്ങള്‍ ലൈറ്റ് മെട്രോയുടെ വരുമാനമാര്‍ഗമായി കൂടെ ഉപയോഗപ്പെടുത്തുക, നല്ല നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും പണിയുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉള്ളത്. പുതിയ ഡി.പി.ആറില്‍ തിരുവനന്തപുരം,കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്കായി 700 കോടിരൂപ ചെലവു വര്‍ധിക്കും. 2014-ല്‍ തുടങ്ങേണ്ട പദ്ധതി നടപ്പാക്കാന്‍ മൂന്നുവര്‍ഷം വൈകിയതാണ് ചെലവു കൂടാന്‍ കാരണം.

അതേസമയം മെട്രോ അനുബന്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മാനാഞ്ചിറ-മീഞ്ചന്ത റോഡ് വികസനം ഡി.എം.ആര്‍.സിക്ക് കൈമാറിയെങ്കിലും ഇതുവരെ കരാറൊപ്പിടാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഡി.എം.ആര്‍.സി. കരാര്‍ കൈമാറിയതാണെങ്കിലും റോഡ്ഫണ്ട് ബോര്‍ഡ് തുടര്‍നടപടി നീട്ടിക്കൊണ്ടുപോവുകയാണ്. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് അതിനുള്ള ഇടപെടലും ഉണ്ടാവുന്നില്ല


കോഴിക്കോട്: ഉണ്ണികുളം, ബാലുശേരി പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വ്യാവസായികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലക്ഷ്യമിട്ട് സ്ഥാപിച്ച കിനാലൂര്‍ 110 കെവി സബ് സ്റ്റേഷന്‍ വൈദ്യുത പദ്ധതി മന്ത്രി എം.എം. മണി നാടിന് സമര്‍പ്പിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ ആവശ്യത്തിന് വൈദ്യുതി ഇല്ലാതിരുന്നിട്ടും പവര്‍കട്ട് ഒഴിവാക്കുന്നത് മാന്ത്രിക വിദ്യയല്ലെന്നും വൈദ്യുതി വിലയ്‌ക്കെടുത്ത് വിതരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ആകെ വേണ്ടതിന്റെ 30 ശതമാനമാണ് സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനം. ജലവൈദ്യുത പദ്ധതികള്‍ക്ക് ഇനി കേരളത്തില്‍ സാധ്യതയില്ല.

സോളാര്‍ വൈദ്യുതി ഉത്പാദനത്തിന്റെ ചെലവ് ഭാരിച്ചതാണ്. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവച്ച വൈദ്യുത പദ്ധതികളുടെ പ്രവൃത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദന സാധ്യതയുളള അതിരപ്പിളളി പദ്ധതി പരിസ്ഥിതി വിഷയങ്ങളാല്‍ തടസപ്പെടുകയാണ്. പദ്ധതി നടപ്പാവണം എന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. നാല്‍പ്പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് കിനാലൂര്‍ സബ് സ്റ്റേഷന്റെ പ്രയോജനം ലഭ്യമാവും. കക്കയം - ചേവായൂര്‍ 110 കെവി ലൈനില്‍ നിന്നും 2.5 കിമീ 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിട്ടുളളത്.

കൊടുവളളി, കൊയിലാണ്ടി 110 കെവി, താമരശേരി 66 കെവി സബ് സ്റ്റേഷനുകളില്‍ നിന്നുളള ഫീഡറുകളുടെ ലോഡ് കുറയുന്നതുകാരണം താമരശേരി, ബാലുശേരി, പുതുപ്പാടി, പൂനൂര്‍, എകരൂല്‍, കൊയിലാണ്ടി എന്നീ മേഖലകളിലെ ഉപഭോക്താകള്‍ക്കും ഗുണകരമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കെഎസ്ഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.എം. ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഹമ്മദ് കോയ മാസ്റ്റര്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് മെംബര്‍ പി.കെ. നാസര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഇസ്മയില്‍ കുറുന്‌പൊയില്‍, കെ.കെ. പരീത്, നാസര്‍ എസ്റ്റേറ്റ്മുക്ക്, ബാബുരാജ് അന്പാടി, പി. സുധാകരന്‍ മാസ്റ്റര്‍, ശ്രീധരന്‍, എന്‍.പി. രാംദാസ്, കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ പ്രമോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി സന്തോഷ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി. പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എന്‍ജിനിയര്‍ ജയിംസ് എം. ഡേവിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കോഴിക്കോട്: സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുകയും അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകള്‍ അടക്കമുള്ളവയാണ് ഹാക്ക് ചെയ്തിട്ടുള്ളത്. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന എത്തിക്കല്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നില്‍.

കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് പിന്തുണ അര്‍പ്പിച്ചാണ് ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ഏകദേശം 55 ഫെയ്സ്ബുക്ക് ഗ്രൂപ്പുകളും അക്കൗണ്ടുകളും ഇവര്‍ ഹാക്കുചെയ്തു. ഇവര്‍ നടത്തിയിട്ടുള്ള ചാറ്റിങ് വിവരങ്ങളും ഗ്രൂപ്പുകളില്‍ അംഗമായിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തു. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിലാണ് ഇവര്‍ സൈബര്‍ ആക്രമണം നടത്തിയത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ഇവര്‍ ഹാക്കു ചെയ്തതില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇവര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്നറിയിപ്പെന്ന നിലയിലാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം നടത്തിയത്. വീണ്ടും തുടര്‍ന്നാല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഹാക്ക് ചെയ്ത അക്കൗണ്ടുകളും ഗ്രൂപ്പുകളും എതൊക്കെന്ന വിവരം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.കോഴിക്കോട്:വയനാട്ടിലേക്കുള്ള പക്രംതളം ചുരം മേഖലയിലെ സർക്കാർ വനഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതായി പരാതി. ലോഡ് കണക്കിന് മാലിന്യമാണ് വനഭൂമിയിൽ തള്ളിയത്. കച്ചവട സ്ഥാപനങ്ങളിൽ നിന്നും മറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും അല്ലാതെയുമാണ് ചുരത്തിലെ വനഭൂമിയിൽ തള്ളിയത്. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയത് പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്. മരങ്ങൾ നശിക്കാനും ഇതു ഇടയാക്കും . വർഷകാലത്ത് മാലിന്യങ്ങൾ ഒഴുകി തൊട്ടടുത്ത പുഴയിലാണ് എത്തുന്നത്.

പത്താം വളവു മുതൽ വയനാട് അതിർത്തിയിൽപെട്ട വാളാംതോട് വരെ വനഭൂമിയിൽ മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. പക്രംതളം മഖാമിനടുത്തുള്ള വനസംരക്ഷണ ഓഫിസിനടുത്തുവരെ മാലിന്യം തള്ളിയിട്ടുണ്ട്. ഇവിടെ ജീവനക്കാർ എത്താത്തതും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതുമാണ് മാലിന്യം തള്ളാൻ പ്രധാന കാരണം. മാലിന്യം തള്ളുന്നതിനെതിരെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ പോലും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട്:മിഠായിത്തെരുവിൽ വാഹനങ്ങൾ നിരോധിക്കില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കലക്ടർ യു.വി. ജോസ്. വ്യാപാരികൾക്കു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യില്ല. ഗതാഗത നിയന്ത്രണം ഏതു തരത്തിൽവേണമെന്ന് നിശ്ചയിക്കാൻ ഒരുതലത്തി‍ൽകൂടി ചർച്ച നടത്തേണ്ടതുണ്ട്. മിഠായിത്തെരുവിലെ വ്യാപാരികളുമായുള്ള മുഖാമുഖത്തിൽ പ്രസംഗിക്കുകയായിരുന്നു കലക്ടർ. മിഠായിത്തെരുവിന്റെ രാവുകൾക്കു ഭംഗിപകരാൻ മനോഹരമായ വൈദ്യുതി വിളക്കുകൾ ഒരുങ്ങുകയാണ്.

ഇതിന്റെ പരിപാലനം സ്വകാര്യ ഏജൻസിയെ ഏൽപിക്കും. അതിനുള്ള ചെലവ് വിളക്കുകളിൽ വയ്ക്കുന്ന പരസ്യങ്ങളിലൂടെയാണ് കണ്ടെത്തുക. തറയിൽ പാകിയ കോബിൾ സ്റ്റോണിന്റെ പരിപാലനവും തെരുവു വൃത്തിയാക്കുന്നതും തൽക്കാലം ഊരാളുങ്കൽ സൊസൈറ്റി തന്നെ ഏറ്റെടുക്കും. പിന്നീട് സ്വകാര്യ ഏജൻസിക്ക് കൈമാറും. പാകിയ കല്ലുകൾക്കിടയിലെ അഴുക്കുകൾ യന്ത്രമുപയോഗിച്ച് വലിച്ചെടുക്കുകയാണു ചെയ്യുക. തെരുവ് സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കും.

ഏതാനും ദിവസങ്ങൾക്കകം മുഖ്യമന്ത്രി നിർവഹിക്കാൻ പോകുന്ന നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം ഗംഭീരമാക്കാൻ വ്യാപാരികളുടെ സഹകരണവും കലക്ടർ അഭ്യർഥിച്ചു. കോഴിക്കോടിന്റെ പൈതൃകമൊന്നും നാലാളുകാണാൻ വിധം പ്രദർശിപ്പിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഗുജറാത്തി തെരുവും കുറ്റിച്ചിറയും വലിയങ്ങാടിയുമെല്ലാം സഞ്ചാരികൾക്കു വിരുന്നാകും വിധം ഒരുക്കാനുള്ള പദ്ധതി വരുന്നുണ്ടെന്നും യു.വി. ജോസ് പറ‍ഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്, കെ.പി. അബ്ദുൽ റസാഖ്, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ, പി.വി. ഉസ്മാൻ കോയ തുടങ്ങിയവർ പ്രസംഗിച്ചു.കോഴിക്കോട്:സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിതത്തിന്റെ ഓട്ടോ ഓടിച്ചു ജീവിച്ചിരുന്ന നൗഷാദ് മരണത്തിന്റെ ആൾനൂഴിയിലേക്ക് ആണ്ടിറങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടു. കണ്ടംകുളം ക്രോസ് റോഡിൽ ആൾനൂഴി വൃത്തിയാക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ശ്വാസം കിട്ടാതെ മരണത്തിലേക്ക് ആണ്ടിറങ്ങുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണു നൗഷാദ് (33) മരിച്ചത്.

നൗഷാദിന്റെ സുഹൃത്തുക്കളായ ഓട്ടോഡ്രൈവർമാർ സിഐടിയു ഓട്ടോ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നന്മയുടെ പ്രതീകങ്ങളായ മറ്റു ഓട്ടോ ഡ്രൈവർമാരെയും ചടങ്ങിൽ ആദരിച്ചു.

പത്ത് ലക്ഷം രൂപ വില മതിക്കുന്ന വജ്രാഭരണങ്ങൾ അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവച്ചപ്പോൾ യാത്രക്കാർക്ക് തിരിച്ചു നൽകിയ എം. സ്വാമിയും, അതുപോലെ മറന്നുവച്ച പണവും ബാഗും ലഭിച്ചു തിരിച്ചു നൽകിയ മജീദ് പുല്ലാളൂർ, ഷാജി നടക്കാവ്, അനീഷ് കണ്ണാടിക്കൽ, സുജിൽ കുമാർ എന്നിവരെയാണ് ആദരിച്ചത്.

ഓട്ടോ ടാക്സി ലൈറ്റ്മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. മമ്മു അധ്യക്ഷത വഹിച്ചു. പി.കെ. യാസർ അറാഫത്ത്, മുഹമ്മദ് പേരാമ്പ്ര, സി.പി. സുലൈമാൻ, എ. സോമശേഖരൻ, വി.ബി. ജെയ്സൺ എന്നിവർ പ്രസംഗിച്ചു. നൗഷാദിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
.

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

 • രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ:കൊടക്കാട്ടുമുറി, മുണ്ടിയാടിത്താഴ, ഗോപാലപുരം, മരളൂര്‍, കോവിലേരിത്താഴ, കൊയിലോത്തുംപടി, വലിയംഞാറ്റില്‍, സൈഫണ്‍, നെല്ലൂളിത്താഴ. 
 • രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ: പൂളോറ, പന്തീര്‍പ്പാടം, തോട്ടുമ്പുറം, കണ്ണന്‍കുഴി, പണ്ടാരപറമ്പ്, മറിയനാല്‍, കൂടത്താലുമ്മല്‍, എളേറ്റില്‍ വട്ടോളി മങ്ങാട്, കണ്ണിറ്റമാക്കില്‍. 
 • രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12 വരെ: തലായി, പി.എച്ച്.ഇ.ഡി, തെക്കെയില്‍ മുക്ക്. 
 • രാവിലെ എട്ടുമുതല്‍ 11 വരെ: കിണാശ്ശേരി, തോട്ടുമ്മാരം, പൊക്കുന്ന്, മയിലാടുംപാറ, ഗുരുവായൂരപ്പന്‍ കോളേജ്. 
 • രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 12 വരെ: മുക്കം ഓര്‍ഫനേജ്, തൃക്കടമണ്ണ ക്ഷേത്രപരിസരം 
 • രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ: ചാലിയില്‍, കച്ചേരിക്കുന്ന്, വെളുത്തേടത്ത്, നെടുങ്ങാടി ലൈന്‍ 
 • ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് മൂന്നുവരെ: കുറ്റിയില്‍ത്താഴം, പട്ടേല്‍ത്താഴം, നെല്ലിക്കാക്കുണ്ട്, തളികുളങ്ങര, പോത്തഞ്ചേരി താഴം, നൂഞ്ഞി. 
 • രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ: പാലയാട്ടു നട, വെളുത്ത മല, നടയമ്മല്‍ പീടിക, ബ്രദേഴ്‌സ്, കള്ളാട്, മണ്ണൂര്, അടുക്കത്ത്, മൊയിലോത്തറ, മുണ്ടകുറ്റി, ആത്തിമുക്ക് 
 • ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ: ചെറുകുളം, ചോയി ബസാര്‍, ഒറ്റത്തെങ്ങ്, ചോയിക്കുട്ടി റോഡ്. 
 • രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ: മുതുവടത്തൂര്‍, വേങ്ങോളി.

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഏരിയ, തൂണേരി, തോടന്നൂര്‍ എന്നിവിടങ്ങളില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും വെറ്ററിനറി സയന്‍സില്‍ ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബിരുദസര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കേണ്ടതാണ്. താത്പര്യമുള്ളവര്‍ നവംബര്‍ 28-ന് രാവിലെ 11 മുതല്‍ 12 വരെ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.


കോഴിക്കോട്: പതിവായി സര്‍വീസ് നടത്തിയിരുന്ന മൂന്ന് അതിവേഗ യാത്രക്കപ്പലുകള്‍ മുടങ്ങിയത് ലക്ഷദ്വീപില്‍നിന്ന് ബേപ്പൂരിലേക്കുവരുന്ന യാത്രക്കാരെ വലയ്ക്കുന്നു. ആറു കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എം.വി. മിനിക്കോയ് എന്ന കപ്പല്‍ മാത്രമേയുള്ളൂ. അതിവേഗ കപ്പലുകളായ എച്ച്.എസ്.സി. പറളി, എച്ച്.എസ്.സി. വലിയപാനി, എച്ച്.എസ്.സി. ചെറിയപാനി എന്നീ കപ്പലുകളുടെ സര്‍വീസ് മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതലാണ് ഇവ സര്‍വീസ് നടത്താത്തത്. ലക്ഷദ്വീപില്‍നിന്ന് മലബാറിലേക്ക് എത്തിക്കൊണ്ടിരുന്ന രോഗികളും വിദ്യാര്‍ഥികളും വന്‍കരയിലുള്ളവരുടെ ബന്ധുക്കളും ഇതുകാരണം നട്ടംതിരിയുകയാണെന്ന്.ബേപ്പൂര്‍ തുറമുഖവുമായി ഏറ്റവുമടുത്തു കിടക്കുന്ന ആന്ത്രോത്ത് ദ്വീപിലേക്കാണ് ബേപ്പൂര്‍ തുറമുഖംവഴി കപ്പലില്‍ കൂടുതല്‍ യാത്രക്കാര്‍ പോവുന്നതും വരുന്നതും. ദ്വീപുകളിലേക്ക് ടിക്കറ്റെടുത്ത് കപ്പലില്‍ക്കയറുന്ന യാത്രക്കാര്‍ ആന്ത്രോത്തിലെത്തിയാല്‍ തുടര്‍യാത്രക്ക് സമയത്തിന് അതിവേഗ കപ്പലുകള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. രോഗബാധിതരാകുന്ന ദ്വീപുകാര്‍ക്ക് പെട്ടെന്ന് വന്‍കരയെ ആശ്രയിക്കാന്‍പറ്റാത്ത സ്ഥിതിയാണ്. ദ്വീപുകളിലാണെങ്കില്‍ ആധുനിക ചികിത്സാസൗകര്യങ്ങള്‍ പരിമിതമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പത്തു കിടക്ക ദ്വീപ്ജനതയ്ക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും രോഗം ബാധിച്ചാല്‍ കപ്പല്‍ കിട്ടാത്തതുകാരണം വന്‍കരയിലെത്തിപ്പെടാന്‍ പറ്റുന്നില്ല. ചികിത്സാച്ചെലവ് കൊച്ചിയേക്കാളും കുറവ് കോഴിക്കോട്ടാണ്. ഭക്ഷണകാര്യത്തിലാകട്ടെ ദ്വീപുകാര്‍ ഇഷ്ടപ്പെടുന്നത് കോഴിക്കോടന്‍ രുചിയാണ്. കൊച്ചിയില്‍ കപ്പലിറങ്ങി സാധാരണക്കാരായ ദ്വീപുകാര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ചെലവ് കൂടുതലാണ്. ബേപ്പൂരില്‍ കപ്പലിറങ്ങിയാല്‍ നന്നേ കുറഞ്ഞചെലവില്‍ ബേപ്പൂരിലെയും കോഴിക്കോട്ടെയും ലോഡ്ജുകളില്‍ താമസിക്കാം. ദ്വീപുകാരുടെ സൗകര്യാര്‍ഥം കോടികള്‍ മുടക്കി കോഴിക്കോട്ട് പണിത ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് എട്ടുമാസമായി പൂട്ടിക്കിടക്കുകയാണ്. മാസങ്ങളോളം പ്രവര്‍ത്തിച്ച ഈ ഗസ്റ്റ് ഹൗസ് പരിസരമലിനീകരണം മൂലമാണ് അടയ്‌ക്കേണ്ടിവന്നത്. ഇതിനു പരിഹാരമുണ്ടാക്കി ഗസ്റ്റ്ഹൗസ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ദ്വീപുകാരുടെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കപ്പെടും. മുന്‍കാലങ്ങളില്‍ ബേപ്പൂരില്‍നിന്ന് കപ്പലില്‍ ആന്ത്രോത്ത് ദ്വീപില്‍ എത്തുന്ന യാത്രക്കാരെ പിറ്റേദിവസം അതിവേഗ കപ്പലുകളില്‍ മറ്റു ദ്വീപുകളിലേക്ക് കൊണ്ടുപോകല്‍ പതിവായിരുന്നെങ്കിലും ഇപ്പോള്‍ അതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

കോഴിക്കോട്:അഗ്നിശമനസേനക്ക് മാവൂരിൽ കെട്ടിടമൊരുങ്ങുന്നു. ഇതിനായി മാവൂർ കൂളിമാട് റോഡരികിൽ ആരോഗ്യ ഉപകേന്ദ്രത്തിന് സമീപത്തെ പഴയ കെട്ടിടം പുതുക്കിപണിതു തുടങ്ങി. ഓഫിസ്, വിശ്രമമുറി, ശുചിമുറി കെട്ടിടങ്ങൾ തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പണി പൂർത്തിയാക്കാനാവും.

അഗ്നിശമനസേനയുടെ വാഹനങ്ങൾ നിർത്തുന്നതിനുള്ള ഷെഡിന്റെ പണിയും തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങളിലേക്കുള്ള റോഡ് നിർമാണവും പൂർത്തിയായി. വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ മാവൂർ യൂണിറ്റാണ് അഗ്നിശമന സേനയ്ക്കുള്ള താൽക്കാലിക കെട്ടിടം നിർമിച്ചു നൽകുന്നത്.

പി.ടി.എ റഹീം എംഎൽഎയുടെ ശ്രമഫലമായാണ് മാവൂരിൽ അഗ്നിശമനസേന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനിടെ രണ്ട് തവണ പി.ടി.എ റഹീം എംഎൽഎ സ്ഥലം സന്ദർശിച്ചു. പ്ലംബിങ്, വയറിങ് ജോലികളും രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അടുത്ത മാസത്തിൽ മാവൂരിൽ അഗ്നിശമനസേന യൂണിറ്റ് പ്രവർത്തനം തുടങ്ങും.

അഗ്നിശമന സേനക്ക് ആവശ്യമായ സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് കൽപ്പള്ളിയിൽ മാവൂർ–കോഴിക്കോട് പ്രധാന റോഡരികിൽ നീർത്തടങ്ങളുടെ തീരത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും സ്ഥലം വിട്ടുകിട്ടുന്നതിനുള്ള പ്രാരംഭ നടപടികളും തുടങ്ങിയിട്ടുണ്ട്. സ്ഥലം കിട്ടുന്ന മുറക്ക് ഇവിടെ അഗ്നിശമന സേനക്ക് സ്ഥിരം കെട്ടിടം നിർമിക്കും


കോഴിക്കോട്:നവജാത ശിശുക്കൾക്ക് ആധാർ എൻറോൾമെന്റ് നടത്തുന്ന പദ്ധതി ജില്ലയിൽ തുടക്കമായി. അക്ഷയ 15ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നവജാത ശിശുക്കൾക്കായി നടത്തിയ എൻറോൾമെന്റ് ക്യാംപിന്റെ ജില്ലാതല ഉദ്‌ഘാടനം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എ. പ്രദീപ് കുമാർ എംഎൽഎ നിർവഹിച്ചു.

ഗവ. ബീച്ച് ആശുപത്രിയിലെ 13 നവജാത ശിശുക്കളുടെ ആധാർ എൻറോൾമെന്റ് നടത്തി. കുട്ടികളുടെ ജനനസർട്ടിഫിക്കറ്റും, രക്ഷിതാവിന്റെ ആധാർ കാർഡും ഉപയോഗിച്ചാണ് ആധാർ എൻറോൾമെന്റ്  നടത്തുന്നത്.

അക്ഷയ കോ–ഓർഡിനേറ്റർ പി.എസ്. അഷിത, ഗവ.ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫറൂഖ്, എഡിഎം ടി. ജനിൽകുമാർ, കൗൺസിലർമാരായ എ.ഡി. തോമസ് മാത്യു, പി. കിഷൻചന്ദ്,  ഡോ.പ്രസീത, ജിതിൻ രാജ് എന്നിവർ പ്രസംഗിച്ചു.

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.